തളിപ്പറമ്പ് കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം ; പ്രവൃത്തി ഉടൻ പൂർത്തിയാവും

The sweet season of farm tourism is getting ready in Taliparamba Karimbath; the work will be completed soon
The sweet season of farm tourism is getting ready in Taliparamba Karimbath; the work will be completed soon

തളിപ്പറമ്പ് : ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ തളിപ്പറമ്പിലെ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം  ഒരുങ്ങുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാൽ ഫാമിന്റെ മനോഹാരിതയും വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാൾവഴികളും അനുഭവിച്ചറിയാനാകും.

നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.

The sweet season of farm tourism is getting ready in Taliparamba Karimbath; the work will be completed soon

കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീൽ വസ്തുക്കൾ ഉൽപാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉൽപാദനവും ഫാമിൽ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതൽ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങൾ നാഗപതി രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവൽ, പടവലം, താലോരി, വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉൽപാദിപ്പിച്ച് വരുന്നു.

കരിമ്പം ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്പം ഫാമിലെ ടിഷ്യൂ കൾച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്.

വാഴയിൽ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കൾച്ചർ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉൽപാദനം ലാബിൽ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂൺ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂൺ, പാൽകൂൺ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങൾ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്പ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്പം ഫാമിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്പം മുന്നോട്ടുവെക്കുന്നത്.

Tags