ആരാധകപ്പോര് : ലോകകപ്പ് ലഹരിയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും

Fan fight: Edakkad block panchayat members also intoxicated by the World Cup

 ചാല :ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ ഹൃദയമിടിപ്പായി മാറിയ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അലയടിച്ചപ്പോൾ, അതിന്റെ ആവേശത്തിരമാലയിൽ പങ്കുചേർന്ന്  എടക്കാട് ബ്ലോക്ക് പഞ്ചായത്തും. “ആരാധകപ്പോര്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ലോകകപ്പിന്റെ ആവേശം തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ ഹൃദയത്തിലേക്കെത്തിച്ച അപൂർവ മുഹൂർത്തമായി മാറി.

തിങ്കളാഴ്ച്ചരാവിലെ മുതൽ തന്നെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായി മാറി. വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞ് ഭരണസമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും ഓഫീസിലെത്തിയപ്പോൾ, പതിവ് ഔദ്യോഗിക അന്തരീക്ഷത്തിന് പകരം ഫുട്ബാൾ ആവേശത്തിന്റെ വർണാഭമായ ലോകം വിരിഞ്ഞു.
തുടർന്ന് നടന്ന ഭരണസമിതി യോഗത്തിലും അംഗങ്ങളും ജീവനക്കാരും തങ്ങളുടെ പ്രിയ ടീമുകളുടെ ജേഴ്സികളണിഞ്ഞ് പങ്കെടുത്തത് ശ്രദ്ധേയമായി. അർജന്റീനയും ഫ്രാൻസും ബ്രസീലും പോർച്ചുഗലും ഉൾപ്പെടെ ലോകകപ്പ് വേദികളിൽ ഏറ്റുമുട്ടുന്ന ടീമുകളുടെ പ്രതിനിധികളായി മാറിയ അവർ, മത്സരത്തിന്റെ ആവേശം പങ്കുവെച്ച് സൗഹൃദത്തിന്റെ പുതിയ സന്ദേശവും ഉയർത്തിപ്പിടിച്ചു.

Fan fight: Edakkad block panchayat members also intoxicated by the World Cup

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും ആവേശം വാനോളമുയർത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിജു ഗോൾകിക്ക് എടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് പടന്നോട്ട്, പി. കെ. പദ്മജ, ശ്രീധരൻ സംഘമിത്ര, സെക്രട്ടറി ജി. സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. പി. നസീർ, ഫൽഗുനൻ മാസ്റ്റർ, എ. വി. ഷീബ, ആർ. കെ. നിഷ, കെ. വി. ജയരാജൻ, ടി. സി. അക്ഷയ, റുസീന ടീച്ചർ, കാണി രഘുനാഥൻ, കെ. സി. പി. ഫൗസിയ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ മത്സരത്തിൽ പങ്കാളികളായി.

ഗോളിലേക്ക് കുതിച്ചുപാഞ്ഞ ഓരോ ഷോട്ടിലും ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ആവേശം പ്രതിഫലിച്ചു. ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിച്ചെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം റുസീന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിന്റെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ പ്രോജക്ട് അസിസ്റ്റന്റ് കെ. ദിവ്യ. രണ്ടാം സ്ഥാനം നേടി.

Tags