സ്ത്രീകൾക്കെതിരെ വ്യാജവാർത്തകൾ; നവമാധ്യമങ്ങൾ നീതി കാട്ടണമെന്ന് വനിത കമ്മീഷനംഗം

Adv P Kunjayisha said Legal awareness is essential for women

കണ്ണൂർ :  സ്ത്രീത്വത്തെ ഹനിക്കുന്ന വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ നീതി കാട്ടണമെന്ന് വനിത കമ്മീഷനംഗം അഡ്വ. പി. കുഞ്ഞായിഷ.കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

പെൺകുട്ടികളെയും സ്ത്രികളെയും നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാതികൾ വനിത കമ്മീഷന് മുന്നിൽ കൂടിവരുന്നു. ഓൺലൈൻ ഉപയോഗങ്ങളിൽ സ്ത്രീകൾ ജാഗ്രത പുലർത്തണം. മുമ്പ് ഗാർഹിക പീഢന പരാതികളായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതികളാണ്.

കോടതിയിൽ ഉള്ളതും പോലീസ് അന്വേഷിക്കുന്നതുമായ പരാതികളിൽ തെറ്റായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുമ്പോൾ തകരുന്നത് പരാതി നൽകിയവരുടെയോ ഇരയായവരുടെയൊ കുടുംബമാണെന്ന് കമ്മീഷൻ അംഗം ചൂണ്ടിക്കാട്ടി. സ്ത്രീകൾ പരാതിക്കാരോ എതിർ കക്ഷികളോ ആകുന്ന വാർത്തകളിൽ നിയമപരമായ കാര്യങ്ങളും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണം.

സിറ്റിങ്ങിൽ 48 പരാതികൾ പരിഗണിച്ചതിൽ ഒൻപതെണ്ണം തീർപ്പാക്കി. ഏഴ് പരാതികളിൽ ബന്ധപ്പെട്ടവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 32 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ലഭിച്ച മൂന്ന് പരാതികൾ ഫയലിൽ സ്വീകരിച്ചു. വഴിതർക്കം, സാമ്പത്തിക തട്ടിപ്പുകൾ, ഗാർഹിക പീഢനങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പരാതികളാണ് ജില്ലയിൽ കൂടുതലായി വന്നത്.

Tags