ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് : തളിപ്പറമ്പ മുൻ സപ്ലൈ ഓഫീസറുടെ പേരിൽ പണം തട്ടാൻ ശ്രമം
തളിപ്പറമ്പ: തളിപ്പറമ്പ താലൂക്ക് മുൻ സപ്ലൈ ഓഫീസറുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് വ്യാപകമായി പണം തട്ടാൻ ശ്രമം. കണ്ണൂർ സപ്ലൈ ഓഫീസറായി വിരമിച്ച കാടാച്ചിറ സ്വദേശിയായ പി.കെ.അനിലിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. അദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് തന്നെയാണ് തട്ടിപ്പുകാർ അക്കൗണ്ട് നിർമ്മിച്ചത്. പ്രൊഫൈലിൽ താലൂക്ക് സപ്ലൈ ഓഫീസർ എന്ന് നൽകിയതും കാണാം. ഇന്ന് രാവിലെയോടെയാണ് തട്ടിപ്പ് ശ്രമം അദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തളിപ്പറമ്പിലുള്ള നിരവധി പേർക്കടക്കം പണമാവശ്യപ്പെട്ട് അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുണ്ട്. അനിലിന്റെ യഥാർത്ഥ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സുഹൃത്തുക്കളെ മനസിലാക്കിയാണ് തട്ടിപ്പുകാർ വ്യാജ അക്കൗണ്ട് വഴി മെസേജ് അയക്കുന്നത്.
tRootC1469263">ഒരു സഹായം വേണമെന്നാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഗൂഗിൾപേയിൽ പണം അയക്കുന്നതിനുള്ള ഇന്നത്തെ ലിമിറ്റ് കഴിഞ്ഞെന്നും അടിയന്തരമായി സുഹൃത്തിന് പണം അയക്കാൻ സഹായിക്കണമെന്നുമാണ് പലർക്കും ലഭിച്ച സന്ദേശം. 00918755313861 എന്ന നമ്പറിൽ പണമയക്കാനാണ് ആവശ്യപ്പെട്ടത്. രണ്ട് മണിക്കൂറിനകം പണം തിരിച്ച് തരാമെന്നും പറയുന്നുണ്ട്. അനിൽ ആണെന്ന് തെറ്റിദ്ധരിച്ച് പലരും പണം അയക്കാൻ സന്നദ്ധത അറിയിച്ച് അക്കൗണ്ട് നമ്പർ ചോദിക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയ തളിപ്പറമ്പുകാരായ ചിലർ തന്നെയാണ് അദേഹത്തെ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചത്. അപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. പ്രമുഖരായ പലരുടെയും പേരിൽ ഇത്തരത്തിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നവരുടെ സംഘം വ്യാപകമാണ്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് പലപ്പോഴും പോലീസ് മുന്നറിയിപ്പ് നൽകാറുമുണ്ട്.
.jpg)


