മട്ടന്നൂരിൽ വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
മട്ടന്നൂർ: വ്യാജസ്വർണം പണയംവെച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമ്മിച്ച് നൽകുന്നവരിലെ തലവനെയും വ്യാജസ്വർണം പണയം വെക്കുവാൻ ശ്രമിച്ച മറ്റ് രണ്ട് പേരെയും കൂത്തുപറമ്പ് എ.എസ്.പി. സിബി ടോമിന്റെയും ഇൻസ്പെക്ടർ കെ.ആർ. ബിജു നേതൃത്വത്തിൽ മട്ടന്നൂർ പോലീസും കൂത്തുപറമ്പ് എ.എസ്.പി. സ്ക്വാഡും ചേർന്ന സമർത്ഥമായ അന്വേഷണത്തിലൂടെ പിടികൂടി.ചാലോടുള്ള മട്ടന്നൂർ അർബൻ സൊസൈറ്റിയിൽ എന്ന സ്ഥാപനത്തിൽ വ്യാജസ്വർണം പണയം വെക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരെ പിടികൂടുകയായിരുന്നു. ബാങ്ക് അധികൃതർ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്.
സംശയം തോന്നിയ ജീവനക്കാർ ഉടൻതന്നെ വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മുഖ്യ പ്രതിയായ പെരുവളത്തുപറമ്പ് സ്വദേശി കെ.പി. നവാസിനെ (49) പിടികൂടുന്നത്. പെരുവളത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുഖ്യപ്രതിയായ നവാസിന് ബാംഗ്ലൂരിൽ നിന്നുമാണ് വ്യാജ സ്വർണ്ണം ലഭിച്ചിരുന്നത്. ഒൻപതു വളകൾ ഇത്തരത്തിൽ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ വ്യാജ സ്വർണം വിൽക്കുന്ന കണ്ണികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്തർസംസ്ഥാന ബന്ധങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. നവാസിന്റെ മൊബൈൽ ഫോണും ബാങ്ക് ഡീറ്റെയിൽസും പോലീസ് പരിശോധന നടത്തി വരികയാണ്.
ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങളും മൊബൈൽ കോൺടാക്ട് ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും പരിശോധിച്ചു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വ്യാജസ്വർണത്തിൽ കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് കൊണ്ട് വ്യാജമാണോയെന്ന് പെട്ടെന്ന് തിരിച്ചറിയുന്ന ബുദ്ധിമുട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.കൂത്തുപറമ്പ് എ.എസ്.പി. സിബി ടോമിന്റെയും ഇൻസ്പെക്ടർ കെ.ആർ. ബിജു നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഫൈറൂസ്, അനുശ്രുതി, പ്രകാശൻ, റാംമോഹൻ, മിനീഷ് കുമാർ, അഞ്ജു തങ്കച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിനിൽ, വിജേഷ്, ദീപേഷ്, സുധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, വിഷ്ണു, മിഥുൻ,അനീസ്, സന്ദീപ്, പ്രജീഷ്,വിഷ്ണു, അമൽ,ദീപക് എന്നിവർ പങ്കെടുത്തു.
.jpg)

