ഏഴോത്ത് ആധുനിക വാതക ശ്മശാനം; മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

Ezhoth modern gas crematorium inaugurated by Minister KN Balagopal
Ezhoth modern gas crematorium inaugurated by Minister KN Balagopal

പഴയങ്ങാടി :ഏഴോം ഗ്രാമ പഞ്ചായത്തിൽ ഒരുങ്ങിയ ആധുനിക വാതക ശ്മശാനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തുകളിൽ ശ്മശാനങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ ആധുനിക വാതക ശ്മശാനം ഒരുക്കിയ കല്ല്യാശ്ശേരി മണ്ഡലത്തെയും പഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു.എം വിജിൻ എം എൽ എ അധ്യക്ഷനായി. മുൻ എം എൽ എ ടി വി രാജേഷ് മുഖ്യാതിഥിയായി. 
 

tRootC1469263">

ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള  എരിപുരം തടത്ത് 49 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.77 കോടി ഉപയോഗിച്ചാണ്  ആധുനിക വാതക ശ്മശാനം നിർമ്മിച്ചത്.എൽപിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  കുറഞ്ഞ സമയത്തിനകം ശവസംസ്കാര പ്രക്രിയ സുഗമമായി നിർവ്വഹിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ രീതിയിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങളാണ് ഇതിന് ഏർപ്പെടുത്തിയിരിക്കുന്നത്. എൽപിജി റൂം,  സെക്യൂരിറ്റി റും,  ഓഫീസ് റൂം, ജനറേറ്റർ റും,  പാർക്കിംഗ് സൗകര്യം, ഗാർഡൻ, വിളക്കുകൾ, ശുചിമുറി, ചുറ്റുമതിൽ, ഡ്രൈനേജ് ഇന്റർലോക്ക്, ടൈൽ,  ഉൾപ്പടെ 2118.84 ചതുരശ്ര അടിവിസ്താരമുള്ള കെട്ടിടമാണ് നിർമ്മിച്ചത്.

ഇവിടെ ദിനംപ്രതി അഞ്ചു മുതൽ പത്തു വരെ മൃതദേഹങ്ങൾ സംസ്കരിക്കാം. ഇതിനായി ഒരു ഫർണസ് ചിമ്മിനി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 
ഭാവിയിലേക്ക് ഫ്രീസർ സംവിധാനം ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാരത്തിന് ശേഷം ചടങ്ങുകൾ നടത്തുന്നതിനുള്ള  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇംപാക്ട് കേരളയാണ് പ്രവൃത്തിയുടെ  നിർവഹണ ഏജൻസി.സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പവർ ലിഫ്റ്റിംഗിൽ  സ്വർണ്ണം നേടിയ ടി വി അർച്ചന, നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ സഹായിച്ചവർ, നിർമ്മാണ കമ്പനി എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.ഏഴോം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം ടി മൃദുല റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഗോവിന്ദൻ, കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ഷാജിർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എൻ ഗീത, സ്ഥിരം സമിതി അധ്യക്ഷൻ പി കെ വിശ്വനാഥൻ, വാർഡ് അംഗങ്ങളായ എം ജസീർ അഹമ്മദ്, പി സജിത, ഉഷ പ്രവീൺ, അസിസ്റ്റന്റ് സെക്രട്ടറി കെ വി സനിൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി പരാഗൻ, എം പി ഉണ്ണികൃഷ്ണൻ, ഇംപാക്ട് കേരള ലിമിറ്റഡ് പ്രൊജക്റ്റ്‌ എഞ്ചിനീയർ അപ്പു എസ് നായർ എന്നിവർ സംസാരിച്ചു.

Tags