ലഹരിക്കെതിരെ എക്സൈസിന്റെ കവചം; 100 ദിവസത്തിനിടയില്‍ കണ്ണൂർജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടായിരത്തിലേറെ കേസുകള്‍
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയിലെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എക്സൈസ് വകുപ്പ്. ഓപ്പറേഷന്‍ തണ്ടര്‍, വിമുക്തി, ഓപ്പറേഷന്‍ ഗ്രീന്‍ ലീഫ് തുടങ്ങിയ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി വ്യാപക പരിശോധനകളും റെയ്ഡുകളുമാണ് ജില്ലയിലുടനീളം ഈ കാലയളവില്‍ നടത്തിയത്. വിവിധ വിഭാഗങ്ങളിലായി 2185 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.
വിദ്യാലയങ്ങളെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കഴിഞ്ഞ 100 ദിവസത്തിനിടയില്‍ ജില്ലയില്‍ 3327 റെയിഡുകളും 51,143 വാഹന പരിശോധനകളും നടത്തി. ഇവയെ തുടര്‍ന്ന് 522 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 225 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത 43 വാഹനങ്ങള്‍ ലേലം ചെയ്ത് 13.5 ലക്ഷം രൂപ സര്‍ക്കാരിലേക്ക് വകയിരുത്തി.
ലഹരിമരുന്നുകളുടെ ഉപയോഗം, ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായുള്ള എന്‍.ഡി.പി.എസ് നിയമപ്രകാരം 235 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനകളില്‍ അഞ്ച് വാഹനങ്ങളും 55,090 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 11 ഗ്രാം എം ഡി എം എ, 114 ഗ്രാം മെത്താംഫെറ്റാമിന്‍, 55 കിലോ കഞ്ചാവ്, 12 കഞ്ചാവ് ചെടികള്‍, നാല് ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. 7000 ലിറ്റര്‍ സ്പിരിറ്റ്, 61.9 ലിറ്റര്‍ ചാരായം, 1332.465 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം തുടങ്ങിയവയും ഈ കാലയളവില്‍ പിടിച്ചെടുത്തു.
ഓപ്പറേഷന്റെ ഭാഗമായി 258 ലേബര്‍ ക്യാമ്പുകള്‍, 808 നഗറുകള്‍, 171 റെയില്‍വേ സ്റ്റേഷനുകള്‍, 2676 സ്‌കൂള്‍ പരിസരങ്ങള്‍, 933 ബസ് സ്റ്റാന്റുകള്‍, 719 മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വ്യാജമദ്യത്തിനെതിരായ ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി 1776 കള്ള് ഷാപ്പുകള്‍ പരിശോധിച്ച് 261 സാമ്പിളുകള്‍ പരിശോധനയ്ക്കയ് അയച്ചിട്ടുണ്ട്.
വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 422 ക്ലബ്ബുകള്‍ രൂപീകരിക്കുകയും 1304 ലഹരി വിരുദ്ധ പരിപാടികളും നടപ്പിലാക്കുകുയം ചെയ്തു. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ രണ്ട് ക്യാമ്പസുകള്‍ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ എന്നിവയാണ് ഡ്രഗ് ഫ്രീ ക്യാമ്പസായി തിരഞ്ഞെടുത്തത്.
.jpg)


