ലഹരിക്കെതിരെ എക്‌സൈസിന്റെ ഓപ്പറേഷന്‍ ക്ലീൻ സ്റ്റേറ്റ് : പിടിയിലായത് 87 പേര്‍; 41 ദിവസത്തിനിടയില്‍ 1258 പരിശോധനകള്‍

Excise Operation Clean State Against Drug Abuse  87 People Arrested 1258 tests in 41 days
Excise Operation Clean State Against Drug Abuse  87 People Arrested 1258 tests in 41 days

ലഹരി വ്യാപനത്തിനെതിരേ പഴുതടച്ച അന്വേഷണമാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തുന്നത്

കണ്ണൂര്‍: മയക്കുമരുന്നിനെതിരെ എക്‌സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ ക്ലീന്‍ സ്‌റ്റേറ്റിലൂടെ അറസ്റ്റിലായത് 87 പേര്‍. മാര്‍ച്ച് മാസത്തെയും ഏപ്രില്‍ ഇതുവരെയുമുള്ള കണക്കാണിത്. നാല്‍പ്പത്തിയൊന്ന് ദിവസത്തിനിടയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആകെ 1223 പരിശോധനകള്‍ എക്‌സൈസ് നടത്തിയിട്ടുണ്ട്. 

മറ്റ് സേനകളുമായി ചേര്‍ന്ന് 35 പരിശോധനകള്‍ വേറെയും നടത്തി. 14380 വാഹനങ്ങളാണ് ഇക്കാലയളവില്‍ മാത്രം പരിശോധിച്ചത്. ഇതില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു. മയക്ക് മരുന്നുമായി ബന്ധപ്പെട്ട് 80 കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 88 പേരെ പിടിയിലാകുകയും 87 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

773 കോപ്റ്റ കേസുകള്‍ കണ്ടെത്തി. 54.293 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. ഇതിന് പുറമേ 4.145 കിലോ കഞ്ചാവ്, 1.5 ഗ്രാം ഹാഷിഷ് ഓയില്‍, 3.076 ഗ്രാം എം.ഡി.എം.എ, 43.695 ഗ്രം മൊത്താഫിറ്റാമിന്‍, 0.0035 എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 12, 7000 രൂപ പിഴയിനത്താല്‍ ഈടാക്കി. 

ലഹരി വ്യാപനത്തിനെതിരേ പഴുതടച്ച അന്വേഷണമാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഓരോ ടീമുകളായി തിരിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സദാസമയവും എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. പൊലിസുമായി സംയുക്തമായും പരിശോധനകള്‍ നടത്തുന്നുണ്ട്. ഓപ്പറേഷന്‍ പി. ഹണ്ട് എന്ന പേരില്‍ പൊലിസ് വിഭാഗവും പരിശോധനകള്‍ നടത്തുന്നുണ്ട്. 

പെട്ടെന്ന് ഒരു ദിവസം ലഹരി കടത്തും ഉപയോഗവും തടഞ്ഞ് നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും ക്രമേണ ജില്ലയില്‍ നിന്നും ലഹരിയില്‍ ഏറെ കുറെ മുക്തരാക്കാന്‍ സാധിക്കുമെന്നാണ് പൊലിസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനായുള്ള ശക്തമായ പോരാട്ടത്തിലാണ് പൊലിസ് എക്‌സൈസ് സേനകള്‍. അടുത്ത ആറുമാസത്തിനുള്ളില്‍ അതിന്റെ റിസല്‍റ്റ് കൃത്യമായി അറിയാമെന്ന് കണ്ണൂര്‍ ഡി.ഐ.ജി യതീഷ് ചന്ദ്ര പറഞ്ഞു.

Tags