വികസന പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ 'എട്ടുകാലി മമ്മൂഞ്ഞ്' കളിക്കുന്നു; തളിപ്പറമ്പ കരിമ്പം കില ക്യാമ്പസ് സ്റ്റേഡിയം വിവാദത്തിൽ ടി.കെ. ഗോവിന്ദൻ എം.എൽ.എയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ
തളിപ്പറമ്പ്: കരിമ്പം കില ക്യാമ്പസിൽ നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റാനുള്ള തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദന്റെ നീക്കം റിയൽ എസ്റ്റേറ്റ് ലോബികളെ സഹായിക്കാനാണെന്ന് ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പദ്ധതികളെ രാഷ്ട്രീയ പ്രേരിതമായി അട്ടിമറിക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും, ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
പാരിസ്ഥിതിക ആഘാത പഠനമുൾപ്പെടെ പൂർത്തിയാക്കി, നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ മണ്ണ് നീക്കം ചെയ്ത് നിർമ്മാണത്തിനായി സജ്ജമാക്കിയ ഭൂമിയിൽ നിന്നാണ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ സ്റ്റേഡിയം മാറ്റാൻ എം.എൽ.എ തിടുക്കം കാട്ടുന്നത്. റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും, മണ്ഡലത്തിലെ മറ്റ് പല പദ്ധതികളിലും ഇത്തരം ലോബികളുടെ ഇടപെടലുണ്ടെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

വെള്ളിക്കീൽ ടൂറിസം പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് എം.എൽ.എ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും സർക്കാർ വിഹിതമായ 50 ലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാൽ ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും, എം.എൽ.എ ഫണ്ടിലെ തുക മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റാൻ നീക്കം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഉൾപ്പെടെ മണ്ഡലത്തിലെ 12 നഗരങ്ങളിൽ തുടക്കമിട്ട സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിലവിലെ എം.എൽ.എ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പകരം, മുൻ ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ നടന്ന സ്ഥലങ്ങളിലെത്തി ഫോട്ടോഷൂട്ട് നടത്തി അവയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാനാണ് എം.എൽ.എ ശ്രമിക്കുന്നത്. ഇത് 'എട്ടുകാലി മമ്മൂഞ്ഞിന്റെ' പ്രവൃത്തിക്ക് സമാനമാണെന്നും ഡി.വൈ.എഫ്.ഐ പരിഹസിച്ചു.
വികസന വിരുദ്ധ നിലപാടുകളിൽ നിന്ന് എം.എൽ.എ അടിയന്തരമായി പിന്മാറണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി, ബ്ലോക്ക് പ്രസിഡന്റ് സി.പി. മുഹാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി. പ്രജിഷ് ബാബു, സി.കെ. ഷോന എന്നിവർ പങ്കെടുത്തു.
.jpg)

