പത്ത് നാള്‍ ഇനി ആഘോഷരാവുകള്‍ കണ്ണൂര്‍ ദസറയ്ക്ക് വര്‍ണ്ണാഭമായ തുടക്കം

Ten days of festive nights lie ahead a vibrant start to the Kannur Dussehra

കണ്ണൂർ : തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയ പെരുമകളുമായി കണ്ണൂര്‍ ദസറയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. കണ്ണൂര്‍ കളക്ട്രേറ്റ് മൈതാനത്ത് ഒരുക്കിയ പ്രത്യേക പവലിയനില്‍ ഇനി കലയുടെ പത്തു നാളുകൾ ...നഗരത്തിനും ആഘോഷരാവുകള്‍.  ഒരുമയ്ക്കായി ദസറ ലഹരിക്കെതിരെ തൂഫാന്‍ എന്ന സന്ദേശവുമായാണ് ഇത്തവണ ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ടൗണ്‍ സ്‌ക്വയറില്‍  കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി.ഇന്ദിര ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.ഒ.മോഹനന്‍ എം.എല്‍.എ ഭദ്രദീപം കൊളുത്തി ദസറയ്ക്ക് നാന്ദികുറിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ മുഖ്യാതിഥിയും  നാടക പ്രവര്‍ത്തകനും സിനിമാ നടനുമായ സന്തോഷ് കീഴാറ്റൂര്‍  വിശിഷ്ടാതിഥിയുമായി.

പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.കൃഷ്ണന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ റിജില്‍ മാക്കുറ്റി, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഢ്ഡി. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍.രാഹേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിശങ്കര്‍ ലൈവ് മെഗാ ഷോ ഉദ്ഘാടന ദിവസം അരങ്ങേറി. ഫെജോ റാപ്പ് ഷോ ചൊവ്വാഴ്ച നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖരായ കലാകാരന്‍മാര്‍ കണ്ണൂര്‍ ദസറയുടെ ഭാഗമാകും.

Ten days of festive nights lie ahead a vibrant start to the Kannur Dussehra

നവ്യാനായരുടെ ഭരതനാട്യം, കച്ചേരി, മസാല കോഫി, തൃസന്ധ്യ ബാന്‍ഡ്, വെല്ലിങ്ടണ്‍ ഐലന്റ് മ്യൂസിക് ബാന്‍ഡ് എന്നിവരുടെ ലൈവ് ഷോകള്‍, ഗസല്‍ സന്ധ്യ, ഫോക്ക് മെഗാഷോ, ഭജനുകള്‍ എന്നിവ അരങ്ങേറും. പ്രാദേശിക കലാകാരന്‍മാരുടെ വിവിധ പരിപാടികളും കലാസന്ധ്യയ്ക്ക് മിഴിവേകും. സമപാന ദിവസമായ ഒക്ടോബര്‍ 21 ന് മെഗാ ഡ്രോണ്‍ ഷോ ഉണ്ടായിരിക്കും.

സഞ്ചാരികള്‍ക്ക് നഗരം ചുറ്റി സഞ്ചരിക്കാന്‍ ഇത്തവണ ഡെബിള്‍ ഡക്കര്‍ ബസ്സും ദസറയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. വ്യാപാര ഉത്സവം, വൈദ്യുതി ദീപാലങ്കാരങ്ങള്‍, ട്രേഡ് ഫെയറുകള്‍ എന്നിവയെല്ലാം കണ്ണൂര്‍ ദസറ ആഘോഷങ്ങള്‍ക്ക് ചാരുത പകരുന്നു. മൈസൂര്‍ ദസറയുടെ സാംസ്‌കാരിക പ്രൗഢിയും കണ്ണൂരിന്റെ തനത് കലാരൂപങ്ങളെയും സമന്വയിപ്പിച്ചാണ് ഇത്തവണയും കണ്ണൂര്‍ ദസറയും വിഭാവനം ചെയ്തത്.

Tags