ആറളത്ത് ആന മതിൽനിർമ്മാണ സ്ഥലത്തെ മരങ്ങൾ മുറിച്ചു തുടങ്ങി


കണ്ണൂർ : ആറളം പുനരധിവാസ മേഖലയെയും വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന വനാതിർത്തിയിൽ നിർമ്മിക്കുന്ന മതിലിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. പത്താം ബ്ലോക്കിൽ നിർമ്മാണം നടക്കുന്ന മതിലിനിടയിൽ പാഴ് മരങ്ങൾ പോലും മുറിക്കാതെ നില നിർത്തി നടക്കുന്ന മതിൽ നിർമ്മാണം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
സ്ഥലം സന്ദർശിച്ച ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അടക്കമുള്ളവരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ആനമതിൽ നിർമ്മാണം നടക്കുന്ന 3.8 കിലോമീറ്റർ സ്ഥലത്തെ മരം മുറിയാണ് ചൊവ്വാഴ്ച ആരംഭിച്ചത്.
മതിലിന്റെ നേരത്തെ ഉണ്ടായിരുന്ന അലൈൻമെന്റിലെ മാറ്റത്തെ തുടർന്ന് പുതുതായി മുറിച്ചു നീക്കേണ്ട 3.8 കിലോമീറ്റർ സ്ഥലത്തെ മരങ്ങളുടെ കണക്കെടുപ്പ് വിലനിർണയവും പ്രതിസന്ധിയിലായി നിൽക്കുകയായിരുന്നു. മുറിച്ചു നീക്കപ്പെടുന്ന മരത്തിന് ആനുപാതികമായി പുതിയ മരം വെച്ചു പിടിപ്പിക്കണം എന്ന് വനം വകുപ്പിന്റെ വ്യവസ്ഥ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

മതിൽ നിർമ്മാണത്തിലെ അനാസ്ഥ സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കിയപ്പോഴാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മരം മുറി ചൊവ്വാഴ്ച മുതൽ ആരംഭിച്ചിരിക്കുന്നത്. 164 മരങ്ങളാണ് മുറിച്ചു നീക്കുന്നത്. നാലുദിവസംകൊണ്ട് ഈ മേഖലയിലെ മരങ്ങളെല്ലാം മുറിച്ചു നീക്കണം.
മുറിച്ചിട്ട മരങ്ങൾ കഷണങ്ങൾ ആക്കി സൈറ്റിൽ തന്നെ അട്ടിയിട്ട് പിന്നീട് ഇതിന്റെ വില നിർണയം നടത്താമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരംമുറി നടക്കുന്നത്. 10.5 കിലോമീറ്റർ നിർമ്മിക്കേണ്ട ആനമതിൽ ഒന്നര വർഷമായിട്ടും നാലു കിലോമീറ്റർ മാത്രമേ പൂർത്തിയാക്കാൻ ആയുള്ളൂ. മരംമുറി പൂർത്തിയാകുന്നതോടെ മതിൽ നിർമ്മാണത്തിനും വേഗത കൈവരുമെന്നാണ് പ്രതീക്ഷ.