കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആസൂത്രിത നീക്കം : അഡ്വ മാർട്ടിൻ ജോർജ്

martin george

സിപിഎമ്മിൻ്റെ രാഷ്‌ട്രീയ നീക്കങ്ങൾക്ക് ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.    തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊണ്ട ഭരണപരമായ തീരുമാനങ്ങൾ പരിശോധിച്ചാൽ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്  വ്യക്തമാണ്. 

കണ്ണൂർ: സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ മാത്രം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകി ജില്ലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് ഡിസിസി ഓഫീസിൽവാർത്താ സമ്മേളനത്തിൽപറഞ്ഞു. 

സിപിഎമ്മിൻ്റെ രാഷ്‌ട്രീയ നീക്കങ്ങൾക്ക് ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.    തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊണ്ട ഭരണപരമായ തീരുമാനങ്ങൾ പരിശോധിച്ചാൽ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്  വ്യക്തമാണ്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ട് ദിവസം മുമ്പ്, കണ്ണൂരിൽ ഡെപ്യൂട്ടി കളക്ടറായി (ഇലക്ഷൻ) സിബി എൻ നിയമിക്കപ്പെട്ടതു തൊട്ട് രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉദ്യോഗസ്ഥ നിയമനം ആരംഭിച്ചതായി കാണാനാകും. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറായ സിബി എൻ, സിപിഎം നേതാവും തിരുവനന്തപുരത്തെ  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ ഷിജുഖാൻ്റെ ഭാര്യയാണ്.   

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ പിണറായി സർക്കാർ നടത്തിയ ബോധപൂർവമായ ശ്രമമാണ് സിബിയുടെ നിയമനമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, എൽഡിഎഫ് അനുകൂല സംഘടനകളിൽ പെട്ടവർക്കു മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർക്കുള്ള ലെയ്‌സൺ ഓഫീസർമാരായി നിയമനം നൽകി. ഇതിനുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്ന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ആണ് ഭരണപക്ഷ സംഘടനക്കാർക്കു മാത്രമായി നൽകിയത്.   

മാർച്ച് 17 ന് നടന്ന ആദ്യ പരിശീലന സെഷനിൽ  ഇവർക്ക് നിയമന ഉത്തരവുകളും നൽകി. സാധാരണയായി സ്ഥാപന മേധാവികളെ മുൻകൂട്ടി ഔദ്യോഗികമായി അറിയിക്കുകയും അത്തരം പരിശീലനത്തിന് മുമ്പ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്. ഇത്തരം നിയമന മാനദണ്ഡങ്ങളാണ് കാറ്റിൽ പറത്തിയത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ സർവകലാശാലയിലെ മൂന്ന് അനധ്യാപക ജീവനക്കാരെ ചെലവ് നിരീക്ഷകർക്കായി ലെയ്‌സൺ ഓഫീസർമാരായി നിയമിച്ചിരുന്നു. മൂവരും എൽഡിഎഫ് അനുകൂല അനധ്യാപക സംഘടനകളിലെ അംഗങ്ങളാണ്. 

തിരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമായാണ് നടക്കുന്നതെന്നും റിട്ടേണിംഗ് ഓഫീസറുടെ ഹാൻഡ്‌ബുക്കിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം ലംഘിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.   സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്നും അല്ലാത്ത പക്ഷം നിയമ പോരാട്ടം ഈ വിഷയത്തിലുണ്ടാകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Tags