വയോജനക്ഷേമം സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് വയോജന കമ്മീഷൻ ചെയർമാൻ
കണ്ണൂർ: വയോജനങ്ങൾ പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത് കുടുംബങ്ങൾക്കുള്ളിൽ നിന്നുതന്നെയാണെന്നും സമൂഹവും കുടുംബവും മാറി ചിന്തിച്ചാൽ മാത്രമേ വയോജന ക്ഷേമം പൂർണാർഥത്തിൽ സാധ്യമാവൂ എന്നും വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ.സോമപ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വയോജന കമ്മീഷൻ സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി തേടി വയോജനങ്ങളുടെ നിരവധി പരാതികളാണ് വിവിധ ജില്ലകളിൽ നിന്നും കമ്മീഷന് മുമ്പാകെ എത്തുന്നത്. കേന്ദ്ര സർക്കാർ 2007 ൽ പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആർ.ഡി.ഒ മാരെ പ്രിസൈഡിങ്ങ് ഓഫീസർമാരാക്കി ട്രിബ്യൂണലുകൾ നിലവിലുണ്ട്. കേരളത്തിൽ 27 ട്രിബ്യൂണലുകളാണ് ഇത്തരത്തിലുള്ളത്. എന്നാൽ വർധിച്ചുവരുന്ന പരാതികൾ തീർപ്പാക്കാൻ ഇവ മതിയാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരണമെങ്കിൽ പ്രത്യേക ട്രിബ്യൂണലുകൾ പോലെയുള്ള പകരം സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളെ സംരക്ഷിക്കാത്ത കേസുകളിൽ മക്കൾക്ക് വീതം വെച്ച് നൽകിയ സ്വത്ത് തിരിച്ചെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കിൽ ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്നു എന്നതാണ് വയോജനങ്ങളുടെ ഇപ്പോഴത്തെ പരാതി. വയോജന കമ്മീഷന് മുന്നിൽ വരുന്ന പരാതികൾ എത്രയും പെട്ടെന്ന് പരിഹരിക്കുകയെന്നതാണ് കമ്മീഷന്റെ ലക്ഷ്യം. പരാതിക്കാരെയും അതിലുൾപ്പെട്ടവരെയും പ്രത്യേകം ഹിയറിങ്ങ് നടത്തി ഇരുഭാഗവും ശ്രദ്ധയോടെ കേട്ട് മാത്രമാണ് വയോജന കമ്മീഷൻ പരാതികൾ തീർപ്പാക്കുക.
അറുപത് വയസ്സിന് മുകളിലുള്ള വ്യക്തികളുടെ അവകാശ നിഷേധങ്ങൾ, മോശം പെരുമാറ്റം, അവഗണന എന്നിങ്ങനെയുള്ള ഏത് പ്രശ്‌നങ്ങളും കമ്മീഷനെ അറിയിക്കാം. പരാതിക്കാരൻ നേരിട്ടു പരാതി നൽകണമെന്നില്ല. അവർക്ക് വേണ്ടി ആർക്കും പരാതി നൽകാം. മാധ്യമ റിപ്പോർട്ടുകളുടെയും മറ്റും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയം കേസ്സെടുത്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കളക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിൽ നേരത്തേ ലഭിച്ച പരാതികളിൽ കുടുംബാംഗങ്ങളുടെ ഹിയറിങ്ങ് നടത്തുകയും പുതിയ മൂന്ന് പരാതികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി കൈമാറുകയും ചെയ്തു. വയോജന കമ്മീഷൻ അംഗം കെ.എൻ.കെ നമ്പൂതിരി, കമ്മീഷൻ സെക്രട്ടറി ജി.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു, കമ്മീഷൻ ഓഫീസ് അസിസ്റ്റന്റ് എം.എ.അഖിൽ തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു. പകൽ വീടിന് സ്ഥലം നൽകിയിട്ടും കെട്ടിടം നിർമ്മിക്കാൻ അനുമതി നിഷേധിക്കുന്നുവെന്ന തെരുവിൽ സീനിയർ സിറ്റിസൺ ഫോറത്തിന്റെ പരാതിയിൽ സിറ്റിങ്ങിന് ശേഷം കീഴല്ലൂരിൽ വയോജന കമ്മീഷൻ സന്ദർശനം നടത്തി.
.jpg)

