ഏകാമി ഗാലറിയുടെ വാർഷിക കലാപ്രദർശനം ഏപ്രിൽ 18ന് ആരംഭിക്കും
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ ആർട്ട് ഗാലറിയായ ഏകാമി നാലാം വർഷത്തേക്ക് കടക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന ഗ്രൂപ്പ് ഷോ Thresholds of Transition (പരിവർത്തനത്തിന്റെ പടിവാതിൽ) ഏപ്രിൽ 18 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും. പ്രമുഖ സിനിമാ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ മുഖ്യാതിഥിയാകും. പ്രമുഖ കലാകാരും നിരൂപകരും കലാസ്വാദകരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തെ തുടർന്ന് മൃണാളിനി മനോജിന്റെ സിത്താർ കച്ചേരിയും ഉണ്ടായിരിക്കും.
ഇന്ത്യൻ സമകാലിക കലയിലെ വിവിധ തലമുറകളെയും പ്രവണതകളെയും പ്രതിഫലിപ്പിക്കുന്ന ഈ പ്രദർശനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 കലാകാരരാണ് പങ്കെടുക്കുന്നത്. അക്കിത്തം നാരായണൻ, സി. ഡഗ്ലസ്, പി. ഗോപിനാഥ്, ആര്.എം പളനിയപ്പൻ, വൽസൻ കൂർമ്മ കൊല്ലേരി (ശില്പി), രത്നാകർ ഓജ്ജ, ഓം സൂര്യ, അജി വി.എന്, ഹരീന്ദ്രൻ ചാലാട്, ശശികുമാർ കെ, വർഗീസ് കളത്തിൽ . ബാര ഭാസ്കരൻ, ജോർജ് മാർട്ടിൻ ജഹാംഗീർജനി, അനിൽ തമ്പായി, ബീന പി.വി, ലിയോണ് കെ.എൻ, മധു വേണുഗോപാലൻ മിബിൻ, പ്രദീപ് കുമാർ കെ പി, സതീഷ് കുമാർ എം.കെ, എസ് സുദയദാസ്, സുധീഷ് കെ, ജിഗേഷ് കുമാർ (ശില്പി), സബിത കടന്നപ്പള്ളി (ഇന്സ്റ്റളേഷൻ), സനുൽ കുട്ടൻ (ശില്പി), വിനു വി.വി (ശില്പി) എന്നിവരാണ് കണ്ണൂർ മഹാത്മമന്ദിരത്തിലെ ഏകാമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമാവുന്നത്.
നാലാം വർഷത്തിലേക്ക് കടക്കുന്ന ഗാലറി ഏകാമി ഒരുക്കുന്ന പന്ത്രണ്ടാമത് പ്രദർശനമാണ് 'പരിവർത്തനത്തിന്റെ പടിവാതിൽ
വടക്കൻ കേരളത്തിന്റെ കലാഭൂപടത്തിൽ ഇടം നേടിയ ഗാലറിയുടെ ഈ വാർഷിക പ്രദർശനം ഇന്ത്യൻ സമകാലിക കലയുടെ ഒരു നേർച്ചിത്രം തരുന്ന ഒന്നാണെന്നും ഇന്ത്യൻ ചിത്ര-ശില്പകലയുടെ മാറിക്കൊണ്ടിരിക്കുന്ന തലങ്ങളെ അർത്ഥവത്തായി പ്രതിനിധീകരിക്കുന്ന ഒന്നാണെന്നും സംഘാടകർ പറഞ്ഞു.മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്ന് ഏകാമി ഗ്യാലറി മാനേജിങ് പാർടണർമഹേഷ് ഒറ്റച്ചാലിൽ അറിയിച്ചു.
.jpg)

