ഇ-നിയമസഭ: അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതം; വിശദീകരണവുമായി എ.എൻ. ഷംസീർ

e-Legislature: Corruption allegations baseless; A.N. Shamseer issues clarification.


തലശേരി : ഇ-നിയമസഭാ പദ്ധതിയുടെ ഡാറ്റാ സെന്റർ പരിപാലന ചുമതലയിൽ നിന്നും ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മാറ്റിയെന്നും വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയെന്നുമുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം വ്യാജപ്രചാരണങ്ങൾ നിർഭാഗ്യകരമാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഡാറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതല അഞ്ച് വർഷത്തേക്ക് മാത്രമാണ് ഊരാളുങ്കലിന് നൽകിയിരുന്നത്. ഈ കാലാവധി കഴിഞ്ഞപ്പോൾ, തുടർന്ന് എ.എം.സി ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഊരാളുങ്കൽ തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കെൽട്രോണുമായി ചർച്ച നടത്തി പുതിയ പ്രൊപ്പോസൽ വാങ്ങാൻ നടപടി സ്വീകരിച്ചത്. ഇതിൽ യാതൊരുവിധ ദുരൂഹതകളോ പുറത്താക്കലോ ഇല്ല.

ചില സാങ്കേതിക കാരണങ്ങളാൽ ഇ-നിയമസഭാ സോഫ്റ്റ്‌വെയർ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ, ഐ.ടി സെക്രട്ടറി കൺവീനറായ ഒരു സമിതിയെ പഠനത്തിനായി നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശപ്രകാരം ഒരു പ്രോജക്റ്റ് ഡയറക്ടറെയും, നിയമസഭാ സെക്രട്ടേറിയറ്റിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സിനെയും ചുമതലപ്പെടുത്തി. ഊരാളുങ്കലിന്റെ 50 ഓളം ഐടി പ്രൊഫഷണലുകളുടെ സേവനവും ഈ പ്രോജക്റ്റിനായി ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ ക്വസ്റ്റ്യൻ ഇൻ-ഹൗസ്, സി.പി.എൽ, ടേബിൾ എന്നീ മൊഡ്യൂളുകൾ പൂർത്തിയാക്കുകയും എം.എൽ.എമാർക്കായി പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒന്നോ രണ്ടോ മൊഡ്യൂളുകൾ മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ജൂൺ മാസത്തിൽ നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസിൽ ഈ പുതിയ സോഫ്റ്റ്‌വെയറിനെക്കുറിച്ച് പ്രത്യേക സെഷൻ ഉൾപ്പെടുത്തിയിരുന്നു. പുതിയ നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ വിജയകരമായി പരീക്ഷിച്ച ഈ സോഫ്റ്റ്‌വെയർ കൂടുതൽ യൂസർ ഫ്രണ്ട്‌ലിയുമാണ്.

ഈ പ്രോജക്റ്റിന്റെ ആരംഭത്തിൽ നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് അല്ലാതെ മറ്റൊരു തുകയും സോഫ്റ്റ്‌വെയറിനായി ഊരാളുങ്കലിന് നൽകിയിട്ടില്ലെന്ന് എ.എൻ. ഷംസീർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സി ആൻഡ് എ ജിയുടെ കൃത്യമായ ഓഡിറ്റിന് വിധേയമാക്കിയതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നിയമസഭാ മന്ദിരത്തിലെ ഡൈനിംഗ് ഹാൾ നവീകരണത്തിന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഊരാളുങ്കലിന് കരാർ നൽകിയതെങ്കിലും ഇതിനായി തുകയൊന്നും ഇതുവരെ അനുവദിച്ചിരുന്നില്ല. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിന്റെ ഡി.എൽ.പി കാലാവധി കഴിഞ്ഞപ്പോൾ, അതിന്റെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും കൂട്ടിച്ചേർത്തു.

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമായ വാർത്തകൾ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് എ.എൻ. ഷംസീർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Tags