ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തെ കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തകൾ തള്ളിക്കളണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ്
കണ്ണൂർ : ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 30, ജൂലൈ 1 തീയതികളിൽ തലശ്ശേരിയിൽ നടന്നു. ഏറ്റവും ജനാധിപത്യപരമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തരംതാണ നിലയിൽ സംഘടനയെ പൊതുസമൂഹത്തിൽ ചിത്രീകരിക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണെന്ന് സമ്മേളനം ആരോപിച്ചു.
'സമ്മേളനത്തിൽ ഒരു പ്രതിനിധിയും നടത്താത്ത ചർച്ചയാണ് നടത്തി എന്നു പറഞ്ഞ് കൊടുക്കുന്നത്. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ചും മുഖ്യമന്ത്രിയെ സംബന്ധിച്ചും നടന്നു എന്നു പറയുന്ന ചർച്ചകൾ അവാസ്തവമാണ്. സത്യവുമായി ബന്ധമില്ലാത്ത വാർത്തകൾ പടച്ചുവിട്ടു സംഘടനയെയും നേതാക്കന്മാരെയും സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കാനാണ് ഏഷ്യാനെറ്റും വലതുപക്ഷം മാധ്യമങ്ങളും ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. ഇതോടൊപ്പം ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ DYFI കണ്ണൂർ ജില്ലാ കമ്മിറ്റി നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ടായി വി.കെ നിഷാദിനെ തിരഞ്ഞെടുത്തതിന് എതിരായും വാർത്തകൾ പടച്ചുവിടുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കള്ളക്കേസിൽ കുടുക്കിയാണ് നിഷാദിനെ ജയിലിൽ കിടത്തിയത്. എന്നാൽ വി.കെ നിഷാദിന്റെ നിരപരാധിത്വം തെളിയിക്കാൻ ഉയർന്ന കോടതിയിൽ നിയമ പോരാട്ടം നടത്തുകയാണ്. സുദീർഘമായ കാലം വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിന്റെ നായകനായി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ സഖാക്കളെ വ്യാജ വാർത്തകൾ കൊണ്ട് തകർക്കാൻ കഴിയില്ല എന്നും ഇത്തരം കള്ളവാർത്തകൾക്കെതിരെ പ്രതിഷേധിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
.jpg)

