മരുന്ന് മാറി നൽകി പിഞ്ചുകുഞ്ഞ് ചികിത്സ തേടിയ സംഭവം: ഡ്രഗ്സ് കൺട്രോളർ വിഭാഗം അന്വേഷണം നടത്തി

khadeeja medicals
khadeeja medicals

കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

കണ്ണൂർ: പഴയങ്ങാടിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കണ്ണൂർ അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളർ അന്വേഷണം നടത്തി. പഴയങ്ങാടി ഖദീജ മെഡിക്കൽസിൽ നിന്നുള്ള വിശദ വിവരങ്ങൾ തേടിയ അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു. ചാല മിംസ്സ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

പഴയങ്ങാടിയിലാണ് സംഭവം നടന്നത്. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞാണ്  ചികിത്സയിലുള്ളത്. ഡോക്ടർ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് ഖദീജ മെഡിക്കൽ ഷോപ്പിൽ നിന്നും നൽകിയതെന്നാണ് പരാതി. നൽകിയ മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 

പനിക്കുള്ള സിറപ്പാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഇത് കുറിപ്പടിയിൽ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. എന്നാൽ മെഡിക്കൽ ഷോപ്പുകാർ നൽകിയതാകട്ടെ ഡ്രോപ്സും. മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കൾ സിറപ്പ് നൽകാൻ നിർദ്ദേശിച്ച അതേ അളവിൽ ഡ്രോപ്സ് നൽകുകയും ചെയ്തു. 

മരുന്ന് നൽകി അല്പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടർന്ന് കുറിപ്പടി എഴുതി നൽകിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം ഉടൻ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

മരുന്ന് മാറിനൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മെഡിക്കൽ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശംപ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്നാൽ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കൽ സ്റ്റോറുകാർ പറഞ്ഞതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പരാതിയെത്തുടർന്ന് മരുന്ന് നൽകിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടിപൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags