ലഹരിവിതരണ കേസുകളിലെ മുഖ്യകണ്ണിയായ കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ

Key figure in drug distribution cases, a native of Kannur, arrested in Bengaluru

കണ്ണൂർ: ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയായ കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം (40) ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഇയാളെ പിടികൂടി.

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് നിസാം. 2022-ൽ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കിലോയോളം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയിരുന്നു. മട്ടന്നൂരിൽ 153.379 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് നിസാമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബെംഗളൂരുവിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് മാസം ബെംഗളൂരുവിൽ നിന്നും റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലും നിസാം പ്രതിയാണ്. ഈ കേസിൽ പിണറായി സ്വദേശി എ. ഫൈസലിനെ 20.5 ഗ്രാം എം.ഡി.എം.എയുമായി ടൗൺ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയിരുന്നു. ഫൈസലിന് ലഹരിമരുന്ന് വിൽപന നടത്തിയതും നിസാമായിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കണ്ണൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം ടൗൺ എസ്.ഐ കെ.ടി. അഖിലിന്റെ നേതൃത്വത്തിൽ എസ്‌.സി.പി.ഒമാരായ സുജിത്ത്, സി.പി. സനോജ്, കെ. രാഹുൽ, സി.പി.ഒമാരായ പ്രതീഷ്, വിജിന എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

Tags