കണ്ണൂർ -ചാല ദേശീയപാതയുടെ അടിപ്പാതയിൽ നിന്നും കാർതാഴേക്ക് വീണ സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്തു
കണ്ണൂർ: നിർമ്മാണ പ്രവർത്തനം നടക്കുന്ന കണ്ണൂർ -ചാല ദേശീയപാതയുടെ അടിപ്പാതയ്ക്ക് മുകളിൽ നിന്ന് ഓടിക്കൊണ്ടിരുന്ന താഴേയ്ക്ക് വീണ കാർ ഫയർഫോഴ്സ് ക്രെയിൻ ഉപയോഗിച്ചു പുറത്തെടുത്തു. ദേശീയപാത 66ലാണ് സംഭവം. തലശേരി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിൽ നിന്ന് കാർ കുത്തനെ താഴേയ്ക്ക് വീഴുകയായിരുന്നു.
അടിപ്പാതയ്ക്ക് മുകളിൽ മേൽപ്പാലത്തിന്റെ പണി പൂർത്തിയായിട്ടില്ല. മേൽപ്പാലത്തിന്റെ ഇരുഭാഗവും തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ജോലി നടന്നുവരികയാണ്. മുകളിൽ നിന്ന് വീണ കാർ ഈ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കാറിനുളളിൽ ഡ്രൈവർ കുടുങ്ങി. അപകടം കണ്ടെത്തിയ നാട്ടുകാർ ഏണിവെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു വെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചുകയറ്റിയത്. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഈ റോഡ് ഗതാഗതത്തിന് പുറത്തുകൊടുത്തിട്ടില്ല. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാൾ കാറോടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
.jpg)

