കണ്ണൂർ ജില്ലാ ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നം : കളക്ടർ അനുരഞ്ജന യോഗം വിളിച്ചു, ബദൽ മാർഗം തേടാൻ ധാരണയായി

Drinking water problem at Kannur District Hospital: Collector calls reconciliation meeting, agrees to find alternative solution


കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ജലവിതരണപ്രശ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കോര്‍പ്പറേഷന്‍റെ നിലപാട് ശരിവെച്ചുകൊണ്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലെ യോഗതീരുമാനം.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള കൂടിയാലോചനക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ വെച്ച്  മേയര്‍, എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. ജില്ലാ ആശുപത്രിയില്‍ ജലവിതരണം അത്യാവശ്യമാണെന്നും ഇതിന് പ്രശ്ന പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
24 മണിക്കൂറും വെള്ളം ലഭ്യമാകേണ്ട സ്ഥാപനമാണ് ജില്ല ആശുപത്രി. 

അവിടുത്തേക്കാണ് ഇപ്പോൾതന്നെ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ ടാങ്കിൽ നിന്ന് പൈപ്പ് കണക്ഷൻ വലിക്കാനുള്ള പ്രൊപ്പോസൽ ഉള്ളത്. കൂടാതെ മെക്കാഡം ടാറിങ് നടത്തിയ റോഡുകളും ഡി എൽ പി കഴിയാത്ത റോഡുകളുമാണ് കട്ട് ചെയ്യാൻ ഉള്ളത്. കണ്ടോൺമെൻറ് പ്രദേശത്ത് റോഡുകളും കട്ട് ചെയ്യാനുണ്ട്. നാളിതുവരെ ആയതിന് കണ്ടോൺമെന്റിന്റെ അനുമതി കിട്ടിയിട്ടില്ല എന്നുമാണ് അറിയുന്നത്. കണ്ണൂർ കോർപ്പറേഷനിലെ ചേലോറ എളയാവൂർ എടക്കാട് പള്ളിക്കുന്ന് ഭാഗങ്ങളിൽ  കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി കട്ട് ചെയ്ത റോഡുകൾ ഏകദേശം ഒന്നര രണ്ടുവർഷത്തോളം വാട്ടർ അതോറിറ്റി റിസ്റ്റോറേഷൻ നടത്താത്തതിനെ തുടർന്ന് ആയതിന്റെ മുഴുവൻ കുറ്റവും കോർപ്പറേഷനിലേക്ക് പഴിചാരുന്ന അവസ്ഥയാണ് ഉണ്ടായത്. നിരവധിതവണ ഈ വിഷയം കൗൺസിലിൽ ചർച്ചയാവുകയും വാട്ടർ അതോറിറ്റിയുമായി നിരവധിതവണ യോഗങ്ങൾ ചേരുകയും ചെയ്തിട്ടും അനാസ്ഥ തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. 

24 മണിക്കൂറും കുടിവെള്ളം ലഭ്യമാകേണ്ട ആശുപത്രിയിൽ വാട്ടർ അതോറിറ്റി നേരിട്ട് പൈപ്പ് ലൈനും വാട്ടർ ടാങ്കും സ്ഥാപിക്കുന്നതിന് പകരം  രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം എടുക്കുകയും അതോടൊപ്പം കണ്ടോൺമെന്റിൽ നിന്നും അനുമതി വാങ്ങാതെ കോർപ്പറേഷന്റെ റോഡ് മാത്രം വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഈ പ്രവർത്തി പാതിവഴിയിൽ നിർത്തിവയ്ക്കേണ്ട അവസ്ഥ ഉണ്ടാവും. കണ്ണൂർ മുനിസിപ്പാലിറ്റി ആയിരിക്കെയാണ് നഗരസഭയുടെ ഭൂമിയിൽ പയ്യാമ്പലം, പള്ളിയാം മൂല ഉൾപ്പെടെയുള്ള  തീരപ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് കൈമാറി വാട്ടർ ടാങ്ക് സ്ഥാപിച്ചത്. എന്നിട്ടും വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം പ്രസ്തുത പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഫോഴ്സ് കുറവ് സംബന്ധിച്ചും വെള്ളം ലഭിക്കാത്തത് സംബന്ധിച്ചും നിരവധി പരാതികളാണ് ഉയർന്നു വരുന്നത്. ഈ അവസ്ഥയിൽ ജില്ലാ ആശുപത്രിയിലേക്ക് ടാങ്കിൽ നിന്നും പൈപ്പ് കണക്ഷൻ വഴി വെള്ളം വിതരണം ചെയ്യുമ്പോൾ നിലവിലെ കുടിവെള്ള പ്രശ്നം അതിരൂക്ഷം ആവുന്ന അവസ്ഥ ഉണ്ടാകും. ആയതുകൊണ്ട് ജില്ലാ ആശുപത്രിയിൽ ജലവിതരണത്തിന് മറ്റ് ബദല്‍ മാർഗ്ഗങ്ങള്‍ കൂടി ആലോചിക്കണമെന്നും മേയര്‍ പറഞ്ഞു.

തുടര്‍ന്ന് അഡ്വ.ടി ഒ മോഹനന്‍ എം ൽ എ സംസാരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രത്യേക ടാങ്ക് നിർമ്മിച്ച് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. നിലവിലെ നഗരസഭയുടെ പയ്യാമ്പലത്തെ വാട്ടർ ടാങ്കിലെ വെള്ളം അവിടെയുള്ളവർക്ക്  തന്നെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. പയ്യാമ്പലം ഭാഗത്തെ തീരപ്രദേശങ്ങളിലെ ജലത്തിന് ലവണ സാന്ദ്രത കൂടുതലായതിനാൽ ജനങ്ങള്‍  കൂടുതലായി പൈപ്പ് കണക്ഷനെ ആശ്രയിക്കുന്ന അവസ്ഥയുമാണ്. അതോടൊപ്പം വാണിജ്യാടിസ്ഥാനത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം പമ്പ് ചെയ്ത് കൊണ്ടുപോകുന്ന അവസ്ഥയുമുണ്ട്. അതോടൊപ്പം വാട്ടര്‍ അതോറിറ്റി റോഡ് കട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ റീസ്റ്റോറേഷന്‍  നടത്താത്തതിനാല്‍ ജനങ്ങള്‍ സമരത്തിന് ഇറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ കോർപ്പറേഷന്റെ റോഡുകൾക്ക് പുറമെ കണ്ടോൺമെന്റിന്റെ  റോഡുകളും കട്ട് ചെയ്യേണ്ടതുണ്ട്. നാളിതുവരെ കണ്ടോന്മെന്റില്‍ നിന്നും ആയതിന് അനുമതി ലഭിച്ചിട്ടില്ല. കണ്ടോണ്മെന്റിന്റെ അനുമതി ലഭിക്കാതെ കോർപ്പെറേഷന്റെ അനുമതി ലഭിക്കുന്നതുകൊണ്ടു മാത്രം പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. എന്നിട്ടും കോർപ്പറേഷനെ മാത്രം വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്  കുറ്റപ്പെടുത്താനാണ് ചിലര്‍‌ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥായിയായ ജലവിതരണം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. അതിന് പരസ്പരം ഏകോപനമുണ്ടായി പയ്യാമ്പലം പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമം ഇല്ലാത്ത രൂപത്തില്‍ ജലവിതരണത്തിന് സംവിധാനമുണ്ടാകേണ്ടതുണ്ട് എന്നും എം എല്‍ എ പറഞ്ഞു.

തുടർന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ബിനോയ് കുര്യന്‍ സംസാരിച്ചു. എം പി ഫണ്ടുപയോഗിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ നിർമ്മിച്ച പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വെള്ളം നൽകുന്നതിനാണ് നിലവില്‍ റോ പോർട്ടൽ മുഖേന അപേക്ഷ നൽകിയിട്ടുള്ളത്. നിലവില്‍ ജില്ലാ പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ഉള്ളതാണ്. എന്നാല്‍ ഈ വെള്ളം ഉപഭോഗത്തിന് തികയാതെ വരുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് വാട്ടര്‍ അതോറിറ്റിക്ക് ജലവിതരണത്തിന് തുക ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം പൈപ്പ് ലൈന്‍ വലിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. 

തുടർന്ന്  വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ പയ്യാമ്പലം പ്രദേശത്തെ ജല ഉപഭോഗം, ജില്ലാ ആശുപത്രിയിലെ ജല ഉപഭോഗം, ആവശ്യമാകുന്ന ജലത്തിന്റെ അധിക ആവശ്യകത, നിലവിലെ പൈപ്പ് ലൈന്‍ വിശദാംശങ്ങള്‍ എന്നിവ യോഗത്തില്‍ വിവരിച്ചു. മേല്‍ പ്രകാരം കണ്ണൂര്‍ കോർപ്പറേഷന്റെ വാദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പയ്യാമ്പലം പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കുടിവെള്ളക്ഷാമം ഇല്ലാത്ത രൂപത്തില്‍ ജില്ലാ ആശുപത്രിയില്‍ ജലവിതരണത്തിന് ബദൽ മാർഗം സംബന്ധിച്ചും ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ആരാഞ്ഞു. ഇതുപ്രകാരം നഗരത്തിലെ  നിലവിലെ മെയിന്‍ പൈപ്പ് ലൈനില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് നേരിട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ആലോചിക്കാമെന്നും അങ്ങനെയാകുമ്പോള്‍ കോർപ്പറേഷന്റെ നഗരത്തിലെ റോഡുകള്‍ കട്ട് ചെയ്യാതെയും പയ്യാമ്പലത്തെ വാട്ടര്‍ ടാങ്കില്‍ നിന്നും പൈപ്പ് ലൈന്‍ വലിക്കാതെയും പ്രവൃത്തി പൂര്ത്തീകരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഈ പ്രൊപ്പോസല്‍ പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോർട്ട്  തയ്യാറാക്കി സമർപ്പിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. 

നേരത്തെ ഈ വിഷയത്തില്‍ കണ്ണൂര്‍ കോർപ്പറേഷനെ പഴിചാരി ജില്ലാ പഞ്ചായത്ത് രംഗത്തെത്തുകയും ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് കോർപ്പറേഷനെ പഴി ചാരുന്നത് ശരിയെല്ലെന്നും പയ്യാമ്പലം ടാങ്കില്‍ നിന്നും റോഡ് കട്ട് ചെയ്ത് പൈപ്പ് ലൈന്‍ വലിക്കുമ്പോള്‍ ഉണ്ടാകുന്ന  പ്രശ്നങ്ങള്‍ സൂചിപ്പിച്ചും ജില്ലാ പഞ്ചായത്തിന് മറുപടി നൽകി  മേയര്‍ വാർത്താ  സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്  ഐ എ എസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര, അഡ്വ.ടി ഒ  മോഹനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കോർപ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജില്‍ മാക്കുറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കോർപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags