കല്യാശേരി മണ്ഡലത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി
പഴയങ്ങാടി :കല്യാശ്ശേരി മണ്ഡലത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂർണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി - പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിലായി ഇതുവരെ 44620 വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകി. ഇതിനായി സംസ്ഥാന സർക്കാർ 184 കോടി രൂപയാണ് അനുവദിച്ചത്. 455 കി.മീറ്റർ പുതിയ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു.
അതോടൊപ്പം ചെറുതാഴം - കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി 45 കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമ്മിച്ചു. 43369 കണക്ഷൻ നൽകുന്നത് ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം നൽകുന്ന നിലയിൽ എത്തിയത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്യാശേരി പഞ്ചായത്തിൽ 38 കി.മി. പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് 6436 പേർക്ക് കുടിവെള്ള കണക്ഷൻ നൽകി. ചെറുകുന്ന് -1954, കണ്ണപുരം- 3131, മാട്ടൂൽ -5387, ഏഴോം- 2931, കടന്നപ്പള്ളി - പാണപ്പുഴ- 3749, പട്ടുവം- 2050, മാടായി -6241, ചെറുതാഴം- 8351, കുഞ്ഞിമംഗലം- 4390 എന്നിങ്ങനെ ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് വിവിധ പഞ്ചായത്ത് പരിധിയിൽ നൽകിയത്.
മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം നേരിട്ട് എത്തുന്നത് കൊണ്ടു തന്നെ കഴിഞ്ഞ വേനൽ കാലത്ത് ഒരു മേഖലയിലും ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കേണ്ടി വന്നിരുന്നില്ല. കല്യാശേരി മണ്ഡലം കുടിവെള്ള പദ്ധതി 100 ശതമാനം പൂർത്തികരിച്ചതിന്റെ ഹർ ഘർ ജൽ പ്രഖ്യാപനവും ഉടൻ നടത്തും.
.jpg)

