ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം ഡോ. കെ.കെ. ലതീഷ് കുമാറിന്
തളിപ്പറമ്പ : ബാവുക്കാട്ട് പാർവ്വതിയമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ നാലാമത് പുരസ്ക്കാരത്തിന് ഡോ.കെ.കെ.ലതീഷ് കുമാർ അർഹനായി. സാന്ത്വന പരിചരണ രംഗത്ത് രണ്ടു പതിറ്റാണ്ടിലധികമായി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്ക്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചു.
ഗിരീഷ് പൂക്കോത്ത്, ബാവുക്കാട്ട് ഗോവിന്ദൻ, മഞ്ജുനാഥ് എം.ജി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം 2025 ഒക്ടോബർ 5 ന് ഞായറാഴ്ച രാവിലെ 10 ന് കീഴാറ്റൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ.സോമൻ (കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രിബ്യൂണൽ & ജില്ലാ ജഡ്ജ് ) സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബാവുക്കാട്ട് ഗോവിന്ദൻ, ഗിരീഷ് പൂക്കോത്ത്, മഞ്ജുനാഥ് എം.ജി, കെ.പി.സുരേഷ് കുമാർ,ബാവുക്കാട്ട് രമേശൻ, കെ.പി. മഹേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഡോ. കെ. കെ. ലതീഷ് കുമാർ
പാലിയേറ്റീവ് പ്രവർത്തനം അത്രയൊന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് കണ്ണൂർ ജില്ലയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഭിഷഗ്വരനാണ് ഡോ.കെ.കെ. ലതീഷ് കുമാർ. പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ എന്ന രജിസ്ട്രേഡ് സംഘടനക്ക് രൂപം നൽകുകയും അതിൻ്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.
ഇന്ന് ഈ സംഘടനയുടെ കീഴിൽ 66 പ്രാദേശിക സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ദീർഘകാല പരിചരണം ആവശ്യമുള്ള കിടപ്പിലായവരും അല്ലാത്തവരുമായ രോഗികൾക്ക് ഇന്ന് പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ ആശയും ആശ്രയവുമാണ്. 2005-ൽ തുടങ്ങിയതാണ് അദ്ദേഹം പാലിയേറ്റീവ് പ്രവർത്തനം. കണ്ണൂർ സ്വദേശിയായ അദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എം.ഡി. യും പാസായി.
1981-ൽ സർക്കാർ സർവ്വീസിൽ അസിസ്റ്റൻ്റ് സർജനായി ജോലിയിൽ പ്രവേശിച്ചു. 19 വർഷക്കാലം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം മലബാർ കാൻസർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസറായി. ഗർഭാശയഗള കാൻസർ സംബന്ധിയായ നിരവധി ക്യാമ്പുകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൻ്റെ നിർദ്ദേശ പ്രകാരം പൊതുജനങ്ങളിൽ കാൻസർ നിയന്ത്രണ അവബോധം സൃഷ്ടിക്കാൻ ഡോക്ടർ മുന്നിട്ടിറങ്ങി.
2016- ൽ കേരള സർക്കാർ തുടക്കം കുറിച്ച "വയോമിത്രം " പ്രൊജക്ടിലെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ എട്ടോളം പ്രാദേശിക പാലിയേറ്റീവ് യൂണിറ്റുകളിൽ മെഡിക്കൽ ഓഫീസറായി പ്രവർത്തിക്കുന്ന ഡോ. ലതീഷ് കുമാർ പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ മെഡിക്കൽ അഡ്വൈസറി ചെയർമാനാണ്. അനിതാ ലതീഷ് കുമാറാണ് ഡോ. ലതീഷിൻ്റെ ഭാര്യ. എഞ്ചിനീയർമാരായ ദിപിൻ ലതീഷ്, മമതാ ലതീഷ് എന്നിവർ മക്കൾ.
.jpg)

