ആഹ്ലാദാരവങ്ങൾക്കിടെ പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ഡബിൾ ബെൽ

ksrtc bus kannur

 കണ്ണൂർ : വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രദാനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശനി പദ്ധതിയ്ക്ക് കണ്ണൂർ ജില്ലയിൽ ആവേശ തുടക്കം. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ രാവിലെ 9.45 ഓടെ വനിതകൾ തിങ്ങിനിറഞ്ഞ KL15 A1644 കാഞ്ഞങ്ങാട് ടൗൺ ടു ടൗൺ ബസ് ആരവങ്ങൾ ഏറ്റുവാങ്ങി യാത്ര തുടങ്ങി. 

free travel

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടി ഒ മോഹനൻ എംഎൽഎ നിർവഹിച്ചു. പദ്ധതി സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഇനി മുതൽ ബസ് യാത്രയ്ക്ക് വേണ്ടി വരുന്ന തുക സ്വരൂപിച്ച് കുടുംബത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാൻ സ്ത്രീകൾക്ക് കഴിയും. ഈ പദ്ധതി ജനങ്ങൾക്കുള്ള ആനുകൂല്യമല്ല,  മറിച്ചു അവകാശമാണ്. സ്‌കൂൾ കുട്ടികൾ മുതൽ അമ്മൂമ്മമാർക്ക് വരെ പദ്ധതി പ്രയോജനം ചെയ്യും-അദ്ദേഹം പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ലിഷ ദീപക് അധ്യക്ഷയായി. ജില്ലയുടെ ചുമതലയുള്ള വൈദ്യുതി, പാർലിമെൻററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. 

പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ റിജിൽ മാക്കുറ്റി, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി ഷമീമ, മുൻ മേയർ മുഹ്‌സിഹ് മഠത്തിൽ, മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, ട്രാൻസ്ജൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച് സോന, രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് റഷീദ് കവ്വായി, മുഹമ്മദലി എം.പി, സി.പി അജീർ, കെ വി സലീം (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവർ സംസാരിച്ചു. കെഎസ്ആർടിസി ഡിപ്പോ എൻജിനീയർ അനീഷ് സ്വാഗതവും ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എം.പി സന്തോഷ് നന്ദിയും പറഞ്ഞു.

Tags