നടുവിൽ ഗ്രാമപഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; നിയമലംഘനത്തിന് പിഴ ചുമത്തി
നടുവിൽ: തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു. ഗ്രാമപഞ്ചായത്ത് പരിധിയിലെ കരുവഞ്ചാലിൽ പ്രവർത്തിക്കുന്ന കട്ടക്കൽ കോംപ്ലക്‌സിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കോംപ്ലക്‌സിലെ ക്വാട്ടേഴ്‌സിന്റെ ടെറസിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും പരിസര പ്രദേശങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതായും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5,000 രൂപ പിഴ ഈടാക്കി.മേഖലയിൽ മാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളും പരിശോധനകളും തുടരുമെന്ന് സ്ക്വാഡ് അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി അഷ്‌റഫ്, ടീം അംഗം ജിഷ്ണുരാജ്, ദിബിൽ, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി, ക്ലാർക്ക് നീനു എന്നിവർ പങ്കെടുത്തു.
.jpg)

