രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ്; റവന്യൂ, ആരോഗ്യവകുപ്പ് അനാസ്ഥക്കെതിരെ കടുത്ത നടപടി വേണം; ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധത്തിലേക്ക്
ചെറുപുഴ: രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് അധികൃതർ കാട്ടിയ മനുഷ്യത്വരഹിതമായ അനാദരവിനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന ഗുരുതരമായ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും നേർചിത്രമാണ് ഈ സംഭവം.
പത്തുമണിക്കൂറിലധികം നീണ്ട യാത്രയായിരുന്നിട്ടും, ഫ്രീസറില്ലാതെ നാലുദിവസം പഴക്കമുള്ള മൃതദേഹം വിട്ടുകൊടുത്തത് അങ്ങേയറ്റം അനാസ്ഥയാണ്. ഫണ്ടില്ലെന്ന പച്ചക്കള്ളം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ചത് പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പാതിരാത്രിയിൽ ചാവക്കാട്ട് വെച്ച് മൃതദേഹം മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റേണ്ടി വന്നത് നമ്മുടെ ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
രാജേഷിനെ പുഴയിൽ കാണാതായപ്പോൾ ഫയർഫോഴ്‌സിന്റെ തിരച്ചിൽ മൂന്നാം ദിവസമാണ് ആരംഭിച്ചത്. എന്നാൽ, അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് പറയട്ടെ, മണ്ഡലത്തിൽ ഇത്തരം വലിയൊരു ദുരന്തം നടന്നിട്ടും പയ്യന്നൂർ എംഎൽഎ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനോ, മരണപ്പെട്ടവരോടും കുടുംബത്തോടും നീതി പുലർത്താനോ തയ്യാറായില്ല. ദുരന്തമുഖത്ത് അടിയന്തരമായി ഇടപെടേണ്ട ജനപ്രതിനിധി പൂർണ്ണമായും നിഷ്ക്രിയനായി മാറിനിന്നു എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെ ചോദ്യം ചെയ്യാനോ, കൃത്യസമയത്ത് ഇടപെടലുകൾ നടത്താനോ എംഎൽഎ തയ്യാറായില്ല എന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു പാളിച്ചയുമില്ലെന്ന് വീമ്പിളക്കുന്ന യുഡിഎഫ് സർക്കാരും, ജനപ്രതിനിധിയെന്ന നിലയിൽ ഉത്തരവാദിത്തം മറന്ന എംഎൽഎയും ഈ സംഭവത്തിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ച റവന്യൂ, ആരോഗ്യ വകുപ്പ് മേധാവികളെ അടിയന്തരമായി പ്രൊസിക്യൂട്ട് ചെയ്യണമെന്നും, ദുരന്തമുഖത്ത് കാണിച്ച അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
.jpg)

