ധനരാജ് വധക്കേസ്: കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ ഗ്രൂപ്പ് വൈരാഗ്യമെന്ന് ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ്കുമാർ
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് വൈരമാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആരോപിച്ചു. കേസിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. കേസിൽ 16 പ്രതികളെ കോടതി വെറുതെവിട്ടത് സത്യത്തിന്റെ വിജയമാണെന്നും, ആദ്യ മൂന്ന് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും കെ.കെ. വിനോദ്കുമാർ അറിയിച്ചു.
രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കോടതി നിരീക്ഷണം ബിജെപിയുടെ നിലപാടിനെ ശരിവെക്കുന്നതാണ്. സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങളും ഗ്രൂപ്പ് പോരുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.
.jpg)

