ഭക്തിയുടെയും, വീര്യത്തിന്റെയും അടയാളമായ അടി ഉത്സവത്തിൽ പങ്കെടുത്തത് ആയിരങ്ങൾ : ദൈവത്താറീശ്വരൻ്റെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായി കച്ചേരിക്കാവ്

Thousands participated in the Adi festival, a symbol of devotion and valor: Devotional in the presence of the divine Lord   Kacherikkavu


കണ്ണൂർ: വടക്കെമലബാറിലെ ചരിത്രപ്രസിദ്ധമായ മാവിലാക്കാവ് വിഷു  ഉത്‌സവത്തിന്റെ അതിപ്രധാന ചടങ്ങുകൾ കാടാച്ചിറ കച്ചേരി കാവിൽ നടന്നു.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം തിരുമുടി അണിഞ്ഞ ദൈവത്താറീശ്വരൻ പരമ്പരാഗത വഴികളിലൂടെ എഴുന്നള്ളത്ത് നടത്തി കാടാച്ചിറ അരയാൽത്തറയിലും മറ്റ് സ്ഥലങ്ങളിലും 'തിക്കൽ' ചടങ്ങ് പൂർത്തിയാക്കി കച്ചേരിക്കാവിലേക്ക് തിരികെയെത്തി. ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഇറങ്ങിയ ദൈവത്താറീശ്വരൻ മൂത്ത കൂർ വാടൻമാരുടെയും ഇളയ കൂർ വാടൻമാരുടെയും എണ്ണമെടുക്കുകയും അതിനുശേഷം അവൽക്കൂട് എറിയുന്നതോടെ ചരിത്രപ്രസിദ്ധമായ 'അടിയുത്സവം ആരംഭിച്ചു. 

മാവിലായി വയലിലെ അടിയിൽ നിന്നും വ്യത്യസ്തമായി, കച്ചേരിക്കാവിലെ അടി നടക്കുന്നത് ദൈവത്താറീശ്വരന്റെ നേരിട്ടുള്ള സാന്നിധ്യത്തിലാണ്. സഹോദരങ്ങളായ മൂത്ത കൂർ വാടൻമാരും ഇളയ കൂർ വാടൻമാരും അടിവാശി കൂടുന്ന സന്ദർഭങ്ങളിൽ ദൈവത്താറിശ്വരൻഇടപെട്ട് അവരെ ശാന്തരാക്കുന്ന അത്യപൂർവ്വ കാഴ്ചയ്ക്കും ഇവിടെ സാക്ഷ്യം വഹിക്കുന്നു.വിഷു ദിനത്തിൽ കച്ചേരി ഇല്ലത്തെ തമ്പുരാന് വണ്ണാത്തിക്കണ്ടി തീയ്യ പ്രമാണി അവൽ കിഴി കാഴ്ച വെച്ചുവെന്നതാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യം.തമ്പുരാൻ ഈ കിഴി അവിടെ കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങൾക്ക് നേരെ "കൈയ്യുക്കുള്ളവർ എടുത്തുകൊള്ളുക" എന്നുപറഞ്ഞ് എറിഞ്ഞുകൊടുക്കുകയും,അവലിനായുള്ള പിടിവലി പിന്നീട് വലിയ അടിയായി മാറുകയും ചെയ്തു.

കളി കാര്യമായപ്പോൾ തമ്പുരാൻ തന്റെ ഉപാസനാമൂർത്തിയായ ദൈവത്താറീശ്വരനെ പ്രാർത്ഥിക്കുകയും, ഈശ്വരൻ പ്രത്യക്ഷപ്പെട്ട് തല്ലുകൂടുന്ന സഹോദരങ്ങളെ സമാധാനിപ്പിച്ചു അയച്ചു എന്നുമാണ് വിശ്വാസം. ഈ ഐതിഹ്യത്തിന്റെ സ്മരണ പുതുക്കിയാണ് ഇന്നും ഇവിടെ ചടങ്ങുകൾ നടക്കുന്നത്.അടിയ്ക്ക് മുന്നോടിയായി എറിയാനുള്ള അവൽക്കൂടിന്റെ നിർമ്മാണം വണ്ണാത്തിക്കണ്ടി തറവാട്ടിലാണ് നടന്നത്. തന്റെ ഭക്തരെ കാണാനായി ദൈവത്താറീശ്വരൻ ഇന്നലെരാത്രി കാടാച്ചിറ അരയാൽത്തറയിൽ എത്തിയത് കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണയും എത്തിച്ചേർന്നത്.
 

Tags