മുഴപ്പിലങ്ങാട് ശ്രീ കൂർമ്പക്കാവിൽ താലപ്പൊലി മഹോത്സവത്തിന് ഭക്തജന തിരക്കേറി

Devotees throng the Thalapoli Mahotsavam at Sree Kurumbakkavil in Muzhappilangad


മുഴപ്പിലങ്ങാട്: ഉത്തരമലബാറിലെ പ്രശസ്തമായ ശ്രീ കൂർമ്പ(ചീറുമ്പക്കാവ്) സന്നിധികളിലൊന്നായ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിൻ്റെ രണ്ടാം ദിനമായ ഞായറാഴ്ച്ച ഭക്തജന തിരക്കേറി. ശ്രീ കൂറുമ്പ ഭഗവതിക്ക് പട്ടും മുല്ല മാലയും സമർപ്പിക്കാൻ ആയിരങ്ങളാണ് ഞായറാഴ്ച്ച വൈകിട്ട് മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവഹിച്ചത്. നാടിന്റെ സാംസ്കാരിക കൂട്ടായ്മയുടെയും ഭക്തിയുടെയും വലിയൊരു സംഗമമായി ഉത്സവം മാറി. ശനിയാഴ്ച രാത്രി ഏഴുമണിക്ക് മണ്ടൂലിൽ നിന്ന് ഭഗവതിയുടെ പൊന്നും ഭണ്ഡാരമെഴുന്നള്ളത്തോടു കൂടി ഉത്സവ ചടങ്ങുകൾക്ക് തുടക്കമായത്. 'കുംഭം 23' ആഘോഷക്കമ്മറ്റി രാത്രി 7.30ന്  ഇളവന വയലിൽവെച്ചും,8മണിക്ക് മമ്മാക്കുന്ന് പുഴക്കരയിൽ പുഴയോരം താലപ്പൊലി മഹോത്സവക്കമ്മറ്റിയുടെ നേതൃത്വത്തിലും വെടിക്കെട്ടോടെ പൊന്നും ഭണ്ഡാരമെഴുന്നള്ളത്തിനെ സ്വീകരിച്ചു.

tRootC1469263">

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച്ച രാത്രി 10:30-ന് നടന്ന കാവിൽ കയറൽ ചടങ്ങിന് തൊട്ടുപിന്നാലെ ആകാശവിസ്മയമായി കൊടിയേറ്റവും വർണ്ണാഭമായ വെടിക്കെട്ടും അരങ്ങേറി.  രണ്ടാം ദിവസമായ  ഞായറാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി.രാത്രിയിൽ ഭക്തിരസപ്രധാനമായ കളമെഴുത്തും പാട്ടും, തുടർന്ന് നാട്ടുകാർ അവതരിപ്പിക്കുന്ന വിവിധ സംഗീത-നൃത്ത പരിപാടികളും നടന്നു.അർദ്ധരാത്രിക്ക് ശേഷം ഇളയിടത്ത് ഭഗവതിയുടെ തെയ്യവും,പുലർച്ചെ കൂർമ്പ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തും  നടക്കും. ഉത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച വൈകുന്നേരം മുതൽ പുലർച്ചെ വരെ വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ കലശം വരവുകൾ ക്ഷേത്ര സന്നിധിയിൽ എത്തും.

ശ്രീരാമ വിലാസം കാഴ്ചക്കമ്മറ്റിയും, നടാൽ കാഴ്ചക്കമ്മറ്റിയും ഒരുക്കുന്ന നയന മനോഹരമായ കാഴ്ച വരവുകൾ പിന്നീട് നടക്കും. ഓരോ കമ്മിറ്റികളും തങ്ങളുടെ വരവുകൾ കൂടുതൽ ആകർഷകമാക്കാൻ ഗജവീരന്മാരെയും താലപ്പൊലിയെയും കേരളീയ വാദ്യമേളങ്ങളെയും അണിനിരത്തും.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തർ ഈ പുണ്യമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. മാർച്ച് 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കാവിൽ നിന്ന്  ഇറങ്ങുന്നതോടെ നാല് ദിവസത്തെ ഈ മഹോത്സവത്തിന് സമാപനമാകും.
 

Tags