മഹാ ശിവരാത്രിയെ വരവേറ്റു ഭക്തജനങ്ങൾ; ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾ തുടങ്ങി


കണ്ണൂർ: കണ്ണൂർ ജില്ലയിലെ ശിവക്ഷേത്രങ്ങളിൽ മഹാശിവരാത്രി ആഘോഷം ഇന്ന് രാവിലെ മുതൽ തുടങ്ങി.മേലെ ചൊവ്വ ശിവക്ഷേത്രം,തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം, കീഴല്ലൂർ മഹാദേവ ക്ഷേത്രം, തോട്ടട ഉമാമഹേശ്വരി ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം തുടങ്ങി ജില്ലയിലെ ക്ഷേത്രങ്ങളിൽ മഹാശിവരാത്രിയുടെ പുണ്യം നേടാൻ ഭക്തജനങ്ങളെത്തി.
മഹാ ശിവരാത്രിയെ വരവേറ്റു ഭക്തജനങ്ങൾ; ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾ തുടങ്ങി. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, അഖണ്ഡനാമജപം, വൈകുന്നേരം നിറമാല, ഇളനീർകാവ് വരവ്, ഇളനീർ സമർപ്പണം, യാമപൂജകൾ, ഇളനീർ അടക്കമുള്ള വിശേഷ ദ്രവ്യങ്ങളാൽ അഭിഷേകം എന്നിവ നടന്നു. ദീപാരാധനക്കുശേഷം പാനക വിതരണവും നടക്കും.

പയഞ്ചേരി കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, 9.30 ന് ശിവപാർവതി പൂജ എന്നിവ നടക്കും. പൊതുജനങ്ങളും, അമ്മമാരും സുമംഗലികളും പങ്കെടുക്കുന്ന പൂജക്ക് ശ്രീവിദ്യോപാസകൻ എ. ഗോപാലകൃഷ്ണൻ കാർമ്മികത്വം വഹിച്ചു.
തന്തോട് ചോംകുന്ന് ശിവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, ദീപാരാധനയ്ക്ക് ശേഷം പാനക വിതരണം, 6.45 ന് നാറാത്ത് കെ.എൻ. രാധാകൃഷ്ണന്റെ പ്രഭാഷണം, തുടർന്ന് വിവിധ കലാപരിപാടികൾ, സിനിമ പ്രദർശനം എന്നിവ നടക്കും. പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിലും ശിവരാത്രി ആഘോഷം നടക്കും. രാവിലെ 8 മണിക്ക് പേരാവൂർ തെരു മഹാഗണപതി ക്ഷേത്രപരിസരത്ത് നിന്നും 8.30 ന് വെള്ളർവള്ളി നരസിംഹ ക്ഷേത്രപരിസരത്തുനിന്നും ഹരിശ്ചന്ദ്രക്കോട്ടയിലേക്ക് ശിവപഞ്ചാക്ഷരി നാമജപ യാത്ര നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി സ്വാമി അമൃത കൃപാനന്ദപുരി തുടങ്ങിയവർ പങ്കെടുക്കും.