തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസനമുരടിപ്പ്; എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ വികസനമുരടിപ്പിലും ഭരണതലത്തിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ബ്ലോക്ക് പഞ്ചായത്ത് കവാടത്തിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. കരുണാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണസമിതിയുടെ നിലപാടുകൾ തിരുത്തണമെന്നും വികസന ഫണ്ടുകൾ വീതം വയ്ക്കുന്നതിലെ പക്ഷപാത നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണസമിതി ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എൽ.ഡി.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടി.വി. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.എം. കൃഷ്ണൻ, പി.കെ. മുജീബ് റഹ്‌മാൻ, ജോയി കൊന്നക്കൽ, കെ. സാജൻ ജോസഫ്, പി. രവീന്ദ്രൻ, പി. പ്രേമലത, സി.പി.എം ഏരിയാ സെക്രട്ടറി കെ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.
.jpg)


