ദേശാഭിമാനി ലേഖനവിവാദം; ഒഴിവാക്കിയെന്ന് പറയുന്ന 'കള്ളൻ വിജയൻ' ഫെയ്‌സ്ബുക്കിൽ

Deshabhimani article controversy; 'Thief Vijayan' claims to have been removed on Facebook

കണ്ണൂർ: കഴിഞ്ഞ ഞായറാഴ്‌ച പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപതിപ്പ് പ്രസിദ്ധീകരിക്കാതിരുന്ന വിവാദത്തിൽ പാർട്ടി അണികൾ കടുത്ത പ്രതിഷേധത്തിൽ. രണ്ട് പാർട്ടി നേതാക്കൾക്ക് ചുമതലയുണ്ടായിട്ടും പത്രം നിരന്തരം വിവാദത്തിലാകുന്നതാണ് അണികളുടെ പ്രശ്‌നം. കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശനാണ് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് റസിഡൻ്റ് എഡിറ്ററുമാണ്. ഏതാനും ദിവസം മുമ്പാണ് വിഴിഞ്ഞവുമായി ബന്ധപ്പെട്ട് വിവാദവാർത്ത ദേശാഭിമാനിയിൽ വന്നത്. അതിന് പിറകെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തന്നെ പാർട്ടി പത്രത്തെ തള്ളിപ്പറയേണ്ടി വന്നു. പാർട്ടി പത്രത്തിലും നുണകൾ പ്രസിദ്ധീകരിക്കപ്പെടുമെന്നായിരുന്നു ഗോവിന്ദൻ്റെ വിശദീകരണം. കഴിഞ്ഞ വാരാന്തപതിപ്പ് വി.എസ്.അച്യുതാനന്ദൻ അനുസ്‌മരണപതിപ്പായിരുന്നു.

എന്നാൽ വാരാന്തപതിപ്പിൻ്റെ നാലാം പേജിൽ 'കള്ളൻ വിജയൻ' എന്നൊരു ലേഖനം പ്രത്യക്ഷപ്പെ ട്ടതിനെത്തുടർന്ന് വാരാന്തപതിപ്പ് അച്ചടിക്കുന്നത് തടയുകയായിരുന്നു. ഈ ലേഖനം ഒഴിവാക്കി ഇന്നലെയാണ് വാരാന്തപതിപ്പ് പ്രസിദ്ധീകരിച്ചത്. മാത്രമല്ല വാരാന്തപതിപ്പിൻ്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ അദ്ദേഹത്തിന്റെ ഓഫീസ് മുറി പൂട്ടിയിട്ട് 'പുറത്താക്കിയ' അസാധാരണ നടപടിയും ഇന്നലെ അരങ്ങേറി. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് എം.സ്വരാജ് നൽകിയിരുന്നു. അതിന് അജയൻ മറുപടിയും നൽകിയിട്ടുണ്ട്. തനിക്ക് തെറ്റ് പറ്റിയിട്ടില്ലായെന്ന നിലപാടാണത്രെ അജയൻ മറുപടിയിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ അജയനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 

അതിനിടെ വിവാദലേഖനം അത് എഴുതിയ ടി.സി.രാജേഷ് തൻ്റെ ഫെയ്സ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തി. ടി.സി.രാജേഷ് സിന്ധു എന്ന എഫ്.ബിയിലാണ് ഇന്നലെ രാത്രിയോടെ “കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മൂത്തിപ്പാറ പി.ഒ' എന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയത്.  ലേഖനം മുപ്പത്തിപ്പാറ എന്ന ഗ്രാമത്തിൽ നിന്ന് വളർന്നുവന്ന നാടകക്കാരൻ വിജയനെക്കുറിച്ചുള്ളതാണ്. 

കള്ളൻ വിജയൻ എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് വിജയന് 'കള്ളൻ വിജയൻ' എന്ന വിളിപ്പേര് വീണത്. ഒരു നാട് അഭിമാനത്തോടുകൂടി കള്ളൻ വിജയൻ എന്ന പേര് ഏറ്റെടുത്തതിനെക്കുറിച്ചും വിജയൻ്റെ നാടകയാത്രയെക്കുറിച്ചുമാണ് ലേഖനത്തിലുള്ളത്. അതിനപ്പുറം വിവാദമായ ഒരു കാര്യവും ലേഖനത്തിൽ ഇല്ലെന്നിരിക്കെ എന്തിന് ഇത് ഒഴിവാക്കിയെന്ന ചോദ്യം വ്യാപകമായിട്ടുണ്ട്.


 

Tags