ഡൽഹിയിലെ സമാധാനപരമായ സമരങ്ങളോട് കേന്ദ്ര സർക്കാർ നടത്തിയത് യുദ്ധ പ്രഖ്യാപനം : അഡ്വ. പി സന്തോഷ് കുമാർ എം പി

The Central Government’s response to the peaceful protests in Delhi was a declaration of war: Adv. P. Santhosh Kumar, MP

 കണ്ണൂർ: രാജ്യത്തെ പാർലമെന്ററി ജനാധിപത്യം ഇത്രയേറെ സുതാര്യമല്ലാത്ത ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. പി സന്തോഷ് കുമാർ എം പി. 2027 ജനുവരി 18,19.20 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ(എഐകെഎസ് )ദേശീയ കൗൺസിൽ യോഗം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്രമന്ത്രിമാർക്ക് പോലും പാർലമെന്റിൽ എന്താണ് നടക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണുള്ളത്.  ഭരണകക്ഷികളിലെ കുറച്ച് പേർക്ക് മാത്രമെ ധാരണയുള്ളു.
എസ്ഐ ആർ വിഷയത്തിലുൾപ്പെടെ നിലവിൽ ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഒരു മടുപ്പ് ഉടലെടുത്തിട്ടുണ്ട്.  കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ ഭരണത്തിനെതിരെ ശക്തമായ വികാരം ഉണ്ട്. അതു കൊണ്ട് തന്നെ ഇന്ത്യയിലൊരു മാറ്റം ഉണ്ടാകും എന്ന സൂചനയാണ് രാജ്യത്തങ്ങോളമിങ്ങോളമുള്ള പ്രക്ഷോഭ സമരങ്ങൾ സൂചന നൽ‍കുന്നത്.  

ബി ജെ പി സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കക്ഷികൾ വരെ എസ് ഐ ആർ വിഷയത്തിൽ അതൃപ്തരാണ്. വൈഎസ് ആർ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ വരെ അതൃപ്തി പ്രകടിപ്പിക്കുകയും വിഷയത്തിൽ ഇന്ത്യാസഖ്യത്തോടൊപ്പം നിൽക്കുകയും ചെയ്തു.

സമാധാനപരമായ സമരങ്ങളോട് സർക്കാർ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതു കൊണ്ട് നമ്മൾ ഏവരും കരുതിയിരിക്കണം. സാർവ്വദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നിരിക്കുകയാണ്. മോദി, ട്രംപ്, നെതന്യാഹു  എന്നിവരടങ്ങുന്ന ത്രയത്തിന് വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പി സന്തോഷ് കുമാർ എം പി പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി  സി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി പരിപാടികൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ, പ്രസിഡന്റ് കെ വി വസന്ത് കുമാർ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളി, കിസാൻസഭ ജില്ലാ സെക്രട്ടറി സി പി ഷൈജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ പ്രദീപൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി കെ മധുസൂദനൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, സി പി മുരളി, കെ എം ദിനകരൻ, സി പി സന്തോഷ് കുമാർ, കെ വി വസന്ത് കുമാർ (രക്ഷാധികാരികൾ)അഡ്വ. പി സന്തോഷ് കുമാർ എം പി(ചെയർമാൻ), സി പി ഷൈജൻ(ജനറൽ കൺവീനർ), എ പ്രദീപൻ(ട്രഷറർ),ഒ കെ ജയകൃഷ്ണൻ, കെ ടി ജോസ്, കെ വി ബാബു, പി കെ മധുസൂദനൻ, എൻ ഉഷ, വെള്ളോറ രാജൻ, വി കെ സുരേഷ് ബാബു, വി ഷാജി, സി വിജയൻ, വി ജി സോമൻ(വൈസ് ചെയർമാൻമാർ), അഡ്വ. പി അജയകുമാർ, കെ വി ഗോപിനാഥ്, കെ എം സപ്ന, എം അനിൽകുമാർ,  കെ വി രജീഷ്, പി കെ മുജീബ് റഹ്മാൻ, പി എ ഇസ്മയിൽ, പി കെ മിഥുൻ, പയ്യരട്ട ശാന്ത, സി ജസ്വന്ത്, കട്ടേരി രമേശൻ(കൺവീനർമാർ).

Tags