സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത : കെജിഒയു കണ്ണൂരിൽ ആഹ്ലാദ പ്രകടനം നടത്തി
കണ്ണൂർ: 2026 ജനുവരി 1 മുതൽ കുടിശ്ശികയായുള്ള സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിച്ച് യുഡിഎഫ് സർക്കാർ ഉത്തരവായതിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷനു മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിലെ ഇടതുപക്ഷ സർക്കാർ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി തടഞ്ഞു വെക്കുകയായിരുന്നു. ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക പോലും നിഷേധിച്ചു.
2024 ജൂലൈ മാസം മുതൽ ലഭിക്കേണ്ടുന്ന ശമ്പള പരിഷ്കരണവും അട്ടിമറിച്ചു. ഈ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി അധികാരത്തിലേറി കേവലം അഞ്ചുമാസം മാത്രമായ യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചു കേരളത്തിലെ സർക്കാർ ജീവനക്കാരുടെ കുടിശ്ശികയായുള്ള ക്ഷാമബത്ത അനുവദിക്കുക മാത്രമല്ല; മുൻകാല പ്രാബല്യം ഉറപ്പുനൽകിയിട്ടുമുണ്ട്. ഈ സർക്കാർ ജീവനക്കാരെ ചേർത്തു പിടിച്ചു മുന്നോട്ട് പോകുകയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കണ്ണൂർ സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന ആഹ്ലാദ പ്രകടനം കെജിഒയു സംസ്ഥാന സെക്രട്ടറിയറ്റ് ക്ഷണിതാവ് ഷിജിൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു , ജില്ലാ പ്രസിഡൻറ് കെ പി ഗിരീഷ് കുമാർ അധ്യക്ഷനായി. കെ കെ രാജേഷ് ഖന്ന, എം പി ഷനിജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി മുഹമ്മദ് അനീസ് സ്വാഗതവും ട്രഷറർ കുര്യൻ മാത്യു നന്ദിയും പറഞ്ഞു.
.jpg)


