കുറ്റകരവും ഗുരുതരവുമായ അനാസ്ഥ; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സ പിഴവിനെത്തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ

Criminal and serious negligence; V Kunhikrishnan MLA reacts to the death of a one and a half year old boy due to medical error at Payyannur Baby Memorial Hospital

പയ്യന്നൂർ : ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെയുണ്ടായ പിഴവിനെത്തുടർന്ന്  ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പയ്യന്നൂർ എം എൽ എ വി കുഞ്ഞികൃഷ്ണന്‍. മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ മനുഷ്യത്വ രഹിതമായും, ദയാ രഹിതമായും ആതുര സേവനം നടത്തിയാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ജീവൻ നഷ്ടപ്പെട്ട ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയെന്ന് എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു.

''കുറ്റകരവും, ഗുരുതരവുമായ അനാസ്ഥ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. കളിക്കുന്നതിനിടെ വീണ് ചുണ്ട് പൊട്ടി ആശുപത്രിയിൽ എത്തിയ ഒരു കുഞ്ഞിന്റെ, അതും വർഷങ്ങൾ കാത്തിരുന്നും, ചികിത്സ കൊണ്ടും കിട്ടിയ ഏക കുഞ്ഞിന്റെ ജീവനാണ് ആ അച്ഛനമ്മമാർക്ക് നഷ്ടപ്പെട്ടത്.

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഇതാദ്യമായിട്ടല്ല ചികിത്സ പിഴവ് ആരോപണം ഉണ്ടാകുന്നത്. നേരത്തേയും സമാനമായ രീതിയിൽ ഈ ആശുപത്രി പ്രതിക്കൂട്ടിൽ നിൽക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ മാത്രമായി ആശുപത്രികൾ ചുരുങ്ങുകയും, ചികിത്സയ്ക്ക് വേണ്ടി അവിടെ എത്തുന്ന മനുഷ്യരെ പണത്തിന് വേണ്ടി ഏത് വിധേയനേയും ദ്രോഹിക്കുകയും പിഴിയുകയും ചെയ്യുമ്പോൾ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് രോഗി ഒരാൾ മാത്രമായിരിക്കില്ല, ഒരു കുടുംബം തന്നെ ആയിരിക്കും.

പേരിന് മുന്നിൽ എഴുതി ചേർക്കുന്ന രണ്ടക്ഷരം മാത്രമല്ല ഡോക്ടർ. മുന്നിലെത്തുന്ന രോഗിയോട് സംസാരിക്കുന്നതിൽ തുടങ്ങി, രോഗിയുടെ ഹിസ്റ്ററി മനസ്സിലാക്കിയും, കൃത്യമായി അസുഖം കണ്ടെത്തിയും ശെരിയായ ചികിത്സ നൽകി രോഗം മാറ്റിയെടുക്കാനുള്ള കഴിവിന്റെ കൂടി അടയാളമാകണം ആ രണ്ടക്ഷരം. മനുഷ്യത്വം മാറ്റി നിർത്തി പണത്തെ മാത്രം നോക്കി കാണുന്ന ആർക്കും ആതുരസേവന രംഗത്തു പ്രവർത്തിക്കാനുള്ള അർഹതയില്ല. ഇവിടെ, ചുണ്ട് പൊട്ടി ആശുപത്രിയിൽ എത്തിയ, രണ്ട് സ്റ്റിച്ചിന്റെ പോലും ആവശ്യമില്ലാതിരുന്ന ഒരു കുഞ്ഞിന് എന്തിന് വേണ്ടി ട്രീറ്റ്മെന്റ് തുടങ്ങും മുന്നേ ജനറൽ അനസ്‌തേഷ്യ നൽകി എന്ന ചോദ്യത്തിന് തീർച്ചയായും ആശുപത്രി അധികൃതരും ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരും ഉത്തരം നല്കിയേ മതിയാകൂ. ഏത് മെഡിക്കൽ പ്രൊസീജിയർ മുൻ നിർത്തിയാണ് മൂന്ന് വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞിന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ ജനറൽ അനസ്‌തേഷ്യ നൽകിയതെന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്.

വൈദ്യശാസ്ത്രം ഇത്രമേൽ വികാസം പ്രാപിച്ച ഈ കാലത്തിൽ പോലും നമ്മുടെ നാട്ടിലെ ഡോക്ടർമാർ ഇത്തരത്തിൽ നിരുത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെങ്കിൽ എന്ത് ധൈര്യത്തിൽ മനുഷ്യർ ആശുപത്രികളെ ആശ്രയിക്കും? മറ്റൊരു ജോലിയും പോലെയല്ല ആതുര സേവനമെന്നും, ചികിത്സയ്ക്ക് എത്തുന്ന ആളുകൾ ഡോക്ടർമാരെ വിശ്വസിച്ചേല്പിക്കുന്നത് മനുഷ്യ ജീവൻ തന്നെ ആണെന്നും വൻകിട സ്വകാര്യ ആശുപത്രികൾക്ക് അറിയില്ലെന്നാണോ?

പിന്നെ, ആശുപത്രി അധികൃതരെ കയ്യേറ്റം ചെയ്തത് കൊണ്ടോ, ആശുപത്രി അടിച്ചു തകർത്തത് കൊണ്ടോ നഷ്ടപ്പെട്ട് പോയ ആ കുഞ്ഞു ജീവൻ തിരികെ ലഭിക്കാൻ പോകുന്നില്ല. സാമൂഹിക ബോധമുള്ള മനുഷ്യർ എന്ന നിലയിൽ ഇനി നമ്മൾ ചെയ്യേണ്ടത് ഇനിയും ഒരുപാട് കാലം ഈ ലോകത്ത് ജീവിക്കേണ്ടിയിരുന്ന ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക എന്നതും, നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്ക് വാങ്ങി നൽകാൻ ആ കുടുംബത്തിനൊപ്പം നിൽക്കുക എന്നതുമാണ്. ഇനി ഇത്തരമൊരു കാര്യം ആവർത്തിക്കപ്പെടാതിരിക്കാൻ നിയമപരമായി ഏതൊക്കെ രീതിയിൽ, എന്തൊക്കെ ഇടപെടൽ നടത്താൻ സാധിക്കുമോ അതാണ് ചെയ്യേണ്ടത്.

ആ കുടുംബത്തിന് ഈ വേദനയെ അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ...

വി കുഞ്ഞികൃഷ്ണൻ എംഎൽഎ

ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമെന്ന ആരോപണം കുടുംബം ഉന്നയിക്കുന്നു.

Tags