തളിപ്പറമ്പ് സീഡ് സൊസൈറ്റി ഓഫീസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ റെയ്ഡ്


ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് തളിപ്പറമ്പിലെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തത്
കണ്ണൂർ : പകുതി വിലയ്ക്ക് സകൂട്ടി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ തളിപ്പറമ്പ് സീഡ് സൊസൈറ്റി ഓഫീസിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് തളിപ്പറമ്പിലെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തത്.
തളിപ്പറമ്പ് ആസ്ഥാനമായുള്ള സോഷ്യോ എക്കണോമിക്ക് ആൻഡ് എൻവറോമൻ്റൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി (സീഡ് ) വഴി ഇരുചക്ര വാഹനത്തിനായി 413 പേരിൽ നിന്നും അറുപതിനായിരത്തോളം രൂപ വീതമാണ് പിരിച്ചെടുത്തത്. സ്പിയാർഡ്സ് ചെയർമാൻ ഇടുക്കി സ്വദേശി സി.വി അനന്ദു കൃഷ്ണൻ്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ഇവരിൽ ആർക്കും വാഹനം നൽകിയിട്ടില്ല. പരാതികൾ ഉയർന്നതോടെ സ്പിയാർഡ്സ് അവതരിപ്പിച്ച സ്ത്രീകൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സീഡ് സൊസൈറ്റി നേരിട്ട് ആരിൽ നിന്നും പണം പിരിച്ചിട്ടില്ലെന്നുമാണ് തളിപ്പറമ്പ് സീഡ് ഭാരവാഹികൾ നിലപാടറിയിച്ചത്.
തളിപ്പറമ്പ് സീഡ് സൊസൈറ്റിയുടെ കീഴിലുള്ള 11 ക്ലസ്റ്റ്റുകളിൽ നിന്നായി 2 കോടി 82 ലക്ഷം രൂപയാണ് അനന്ദു കൃഷ്ണൻ്റെ അകൗണ്ടിൽ അടച്ചതെന്നാണ് സീഡ് ഭാരവാഹികൾ പറയുന്നത്. സ്കൂട്ടി കൂടാതെ തയ്യൽ മെഷീൻ, ലാപ്ടോപ്പ്, കുടിവെള്ള ടാങ്ക് എന്നിവയ്ക്കുള്ള തുക ഉൾപ്പെടെയാണ് ഈ തുക. തളിപ്പറമ്പ് പൊലിസിന് ലഭിച്ച ഇരുന്നോറോളം പരാതികളിൽ ഒരു കേസാണ് രജിസ്റ്റർ ചെയ്തത്.

ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെയാണ് തളിപ്പറമ്പ് കോർട്ട് റോഡ് സ്റ്റാർ കോംപ്ലക്സിലെ സീഡ് സൊസൈറ്റി ഓഫിസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘം എത്തിയത്. ഡിക്റ്ററ്റീവ് ഇൻസ്പെക്ടർ ബി. അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലുള്ള രേഖകൾ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലും സംഘം വിവരങ്ങൾ ശേഖരിക്കും. വൈകുന്നേരം 3മണിയോടെയാണ് പരിശോധന അവസാനിച്ചത്. കസ്റ്റഡിയിലെടുത്ത രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണത്തിൻ്റെ ഭാഗമായി സീഡ് തളിപ്പറമ്പ് ഓഫീസ് സീൽ ചെയ്യുമെന്നും ഡിക്റ്ററ്റീവ് ഇൻസ്പെക്ടർ ബി. അനീഷ് പറഞ്ഞു.