വയോജനങ്ങള്‍ക്ക് ക്രിയാത്മക സംവേദനത്തിന് വേദികള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ജില്ലാ ജഡ്ജ് രാജേഷ് നെടുമ്പ്രത്ത്


ചിറക്കൽ : വയോജനങ്ങള്‍ക്ക് ക്രിയാത്മക സംവേദനത്തിന് വേദികള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനാല്‍ വയോജന സേവന കേന്ദ്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ജില്ലാ ജഡ്ജ് രാജേഷ് നെടുമ്പ്രത്ത് പറഞ്ഞു. ചിറക്കല്‍ ശ്രീമംഗലം വയോജന സേവാകേന്ദ്രത്തിന്റെ ഒന്നാംവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പ്രായാധിക്യത്താലുണ്ടാകുന്ന ഓര്‍മ്മകുറവ് പോലുളള രോഗങ്ങള്‍ ഇതുവഴി ഇല്ലാതാക്കാന്‍ സാധിക്കും. ചിന്തകളെ പരിപോഷിപ്പിക്കാനും ഉദ്ദീപിപ്പിക്കാനും സാധിക്കും.വയോജനങ്ങളെ അവഗണിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മെ മുന്നോട്ട് നയിക്കേണ്ട നന്മകളും വഴികാട്ടികളേയുമാണ്. അറുപത് വയസ്സിന് മുകളിലുളളവരില്‍ നിന്നാണ് അനുഭവങ്ങളും പാഠങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തുടര്‍ന്നു വരുന്ന തലമുറകള്‍ക്ക് ലഭിക്കുന്നത്.
ജീവിതത്തില്‍ നിന്നാര്‍ജ്ജിച്ച അനുഭവ സമ്പത്ത് പുസ്തകങ്ങളില്‍ നിന്നും യൂട്യൂബില്‍ നിന്നും ലഭിക്കില്ല. അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞാല്‍ ജീവിതം സുഗമമാകും. സമൂഹം അടിമുടി മാറിയിരിക്കുകയാണ്. വേലിതന്നെ വിളവു തിന്നുന്ന സാഹചര്യമാണ് ഉളളത്. കുട്ടികളുടെ സുരക്ഷാ ചുമതലയുളളവര്‍ തന്നെ അവരെ ചൂഷണം ചെയ്യുന്ന സാഹചര്യം. സമൂഹത്തിലാകെ അസാന്മാര്‍ഗ്ഗീകത പടര്‍ന്നു പിടിക്കുകയാണ്.

എന്നാല്‍ സുവര്‍ണ്ണ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് പ്രപഞ്ച ശക്തിയെ ശക്തി വിശേഷണത്തെ മനസ്സിലാക്കാന്‍ പറ്റിയ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈശ്വരീയ സാക്ഷാത്ക്കാരത്തിനായി ഒരൊറ്റ കാര്യത്തില്‍, ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈശ്വരനെ അറിയുക എന്നതാണ് ഭാരതീയ തത്വ ചിന്തകളുടെ അടിസ്ഥാനം.ബ്രഹ്‌മചര്യവും കൗമാരവും യൗവനവും കടന്ന് വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഈശ്വരനെ അറിയാന്‍ ശ്രമിക്കണമെന്നും അതുവഴി ജീവിത സാക്ഷാത്കാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ശ്രീമംഗലം വയോജന സേവാകേന്ദ്രത്തിന്റെ ഒന്നാംവാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ തുടങ്ങി. ചിറക്കല്‍ ചിറക്ക് സമീപമുള്ള ശ്രീമംഗലം വയോജന സേവാ കേന്ദ്രത്തില്‍ വിവിധ പരിപാടികള്‍ നടന്നു. 60 വയസ്സ് കഴിഞ്ഞ ദമ്പതികള്‍ ചേര്‍ന്നുള്ള നടത്തം 'ഒരുമിച്ച് നടക്കാം ആരോഗ്യത്തിലേക്ക്' എന്ന പരിപാടി ഡോ. ബാലഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. ജയപാലന്‍ മാസ്റ്റര്‍ വാര്‍ഷിക സന്ദേശം നല്‍കി. പത്മശ്രീ എസ്.ആര്‍.ഡി. പ്രസാദ്, രവീന്ദ്രനാഥ് ചേലേരി, കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീമംഗലം വയോജന കേന്ദ്രം പ്രസിഡണ്ട് പി.ടി. രമേഷ് സ്വാഗതവും സെക്രട്ടറി വി. ജയറാം നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന 'ചിരിയും കാര്യവും' എന്ന പരിപാടിയില്‍ അഡ്വ. എ.വി. കേശവന്‍ മോഡറേറ്ററായി. ചന്ദ്രന്‍മന്ന അവതരിപ്പിക്കുന്ന നാടകം, ശ്രീമംഗലം അംഗങ്ങള്‍ ചേര്‍ന്നുനടത്തുന്ന 'പാട്ടിന്റെ പാലാഴി' സംഗീതാലാപനം, വിനോദരംഗം, ഭക്തിഗാനസുധ, സി.കെ. സുരേഷ്‌വര്‍മ്മ, സുമ സുരേഷ്‌വര്‍മ്മ, ഗോപികൃഷ്ണണന്‍ എന്നിവര്‍ നയിക്കുന്ന വീണ കച്ചേരി എന്നിവയും ഉണ്ടായി.