പെരിങ്ങോം അരവഞ്ചാലിൽ ആർ.എസ്.എസ് ശാഖയിൽ അതിക്രമിച്ചു കയറി സിപിഎം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചതായി പരാതി ; പൊലിസ് കേസെടുത്തു
തളിപ്പറമ്പ്: പെരിങ്ങോം അരവഞ്ചാലിൽ ആർ.എസ്.എസ് ശാഖയിൽ അതിക്രമിച്ചു കയറി സിപിഎം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചതായി പരാതി സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു.വ്യാഴാഴ്ച്ച രാത്രി എട്ടിന് പെരിങ്ങോം അരവഞ്ചാലിൽ കീപ്പാട്ട്‌പെയിലിലാണ് സംഭവം. ലക്ഷ്മണൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് പരിക്കേറ്റത്.ഇദ്ദേഹം ഉൾപ്പെടെയുള്ള പ്രവർത്തകർ ബി.ജെ.പി കാര്യാലയത്തിൽ നടന്നുവരുന്ന ആർ.എസ്.എസ് ശാഖയിൽ പങ്കെടുത്തുവരവെ നിധിൻ, ശരത്, സിദ്ധാർത്ഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകർ കാര്യാലയ മുറ്റത്തേക്ക് അതിക്രമിച്ച് കടന്നുവെന്നാണ് പരാതി ഇതൊന്നും ഇവിടെ പറ്റില്ല കൊത്തിപൊളിക്കുമെന്ന് ഭീഷണി മുഴക്കിയശേഷം നിധിൻ ലക്ഷ്മണന്റെ മുഖത്തടിക്കുകയും മറ്റ് പ്രതികൾ പ്രവർത്തകരെ പിടിച്ചുതള്ളി ശാഖ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകരുടെ പരാതിയിൽ
പെരിങ്ങോം പോലീസ് കേസെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പെരിങ്ങോം അരവഞ്ചാലിൽ ആർഎസ്എസ് ശാഖക്ക് നേരെ നടന്ന അക്രമത്തിലും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് നേരെ നടന്ന ആക്രമത്തിലും പ്രതിഷേധിച്ച് ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോത്ത് പ്രകടനവും പൊതുയോഗവും നടത്തി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ചില കോൺഗ്രസ്സുകാർക്ക് അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ചിരിക്കുകയാണെന്നും എതിരാളികൾക്ക് നേരെ ആക്രമം നടത്താനുള്ള ലൈസൻസായി ഭരണത്തെ കാണുകയാണെന്നും കെ കെ വിനോദ്കുമാർ പറഞ്ഞു. കോൺഗ്രസ്സുകാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
അരവഞ്ചാലിൽ ആർഎസ്എസ് ശാഖ നടത്താൻ അനുവദിക്കില്ലെന്നാണ് സിപിഎം നേതാക്കളുടെ തിട്ടൂരം. പെരിങ്ങോം പോലീസ് സ്റ്റേഷൻ ആക്രമിച്ച സിപിഎം പെരുന്തട്ട നോർത്ത് ബ്രാഞ്ച് സെക്രട്ടറി നിധിൻ, പുറക്കുന്നിലെ സിപിഎം നേതാവ് സിദ്ധാർത്ഥ്, ഡിവൈഎഫ്ഐ പെരിന്തട്ട മേഖലാ പ്രസിഡണ്ട് ശരത് കെ രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാഖയിൽ അതിക്രമിച്ചു കയറി ബിജെപി ബൂത്ത് പ്രസിഡണ്ട് ലക്ഷ്മണന് നേരെ ആക്രമം നടത്തിയത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജാമ്യത്തിൽ ഇറങ്ങിയ നിധിന്റെ ജാമ്യം റദ്ദ് ചെയ്യണം. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ് പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. രാഷ്ട്രീയ പാർട്ടി നേതാവായ ആൾ സർക്കാർ സർവ്വീസിൽ തുടരാൻ പാടില്ല. സിദ്ധാർത്ഥിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തു പ്രദേശത്തെ സമാധാനം ഉണ്ടാക്കാൻ പോലീസ് തയ്യാറാകണമെന്നും വിനോദ്കുമാർ ആവശ്യപ്പെട്ടു.
ബിജെപി പെരിങ്ങോം മണ്ഡലം പ്രസിഡണ്ട് കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ എം ഭാസ്കരൻ സ്വാഗതവും ടിവി സ്വരാജ് നന്ദിയും പറഞ്ഞു. നേതാക്കളായ ഗംഗാധരൻ കാളീശ്വരം, കെ വി രമ, വി ആർ സുനിൽകുമാർ, രൂപേഷ് തൈവളപ്പിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
.jpg)

