പുകഞ്ഞ കൊള്ളി പുറത്ത്, തളിപ്പറമ്പിൽ സിപിഎം വിട്ട യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻറെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ കെ.പി രമണിയെ സി.പി.എം പുറത്താക്കും
തളിപ്പറമ്പ് :തളിപ്പറമ്പിൽ സിപിഎം വിട്ട യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻറെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. നിലവിൽശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി. രമണി. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പാർട്ടി വിലക്ക് മറികടന്ന് കെ.പി രമണി പങ്കെടുത്തത്.
ടി.കെ ഗോവിന്ദനൊപ്പം സ്വന്തം കുടുംബം പോലുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വിജയരാജൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് കെ.പി രമണി യു ഡി എഫ് വേദിയിലെത്തിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന് കെപി രമണിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.എം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻറെ ഭാര്യ പി.കെ.ശ്യാമളയെ സിപിഎം തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി ടി.കെ.ഗോവിന്ദൻ രംഗത്തെത്തിയത്. പാർട്ടിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ ഗോവിന്ദൻ തുടർന്ന് പാർട്ടി വിടുകയായിരുന്നു.
എം.വി. ഗോവിന്ദനെതിരെയും തളിപ്പറമ്പിലെ സിപിഎം സ്ഥാനാർഥിത്വത്തിനെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച ടി.കെ. ഗോവിന്ദൻ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരരംഗത്തേക്ക് വരുകയായിരുന്നു.
.jpg)


