വീണ്ടും സി.പി.എം - ആർ എസ്.എസ് സംഘർഷം ; തെയ്യക്കാലത്ത് നാടെങ്ങും അക്രമ ഭീതി, അശാന്തി, ജാഗ്രതയോടെ പൊലിസ്

CPM-RSS clash again; Fear of violence, unrest across the country during Theyya, police on high alert
CPM-RSS clash again; Fear of violence, unrest across the country during Theyya, police on high alert

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം കണ്ണൂർ ജില്ലയിൽ അക്രമ രാഷ്ട്രീയം തല പൊക്കിയത് ജനങ്ങളിൽ ഭീതി പടർത്തുന്നു. തെയ്യങ്ങളും തിറകളും നിറഞ്ഞാടുന്ന കണ്ണൂരിലെ ഗ്രാമങ്ങളിലാണ് സി.പി.എം - ആർ.എസ്. എസ് സംഘർഷം തല പൊക്കിയത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാവുകളിലെ തിറയാട്ടക്കാലവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ കാലവും കൂടിയാണ് ' പ്രാദേശികമായി കലാ സാംസ്കാരിക പരിപാടികളും മേളകളും നടക്കുന്നത് ഈ കാലത്ത് തന്നെയാണ്.രാഷ്ട്രീയ സംഘർഷങ്ങൾ കൊലപാതകങ്ങളിൽ കലാശിക്കാതിരിക്കാൻ പൊലിസ് ഏറെ വിയർപ്പൊഴുക്കേണ്ടിവരും. 

രാഷ്ട്രീയ സംഘർഷത്തിനിടെ പൊലിസിനെ ആക്രമിക്കുന്ന സ്ഥിതിവിശേഷവും ഉണ്ടാകുന്നുണ്ട്. ഇതു പലയിടങ്ങളിലും നിയമവാഴ്ച്ച തന്നെ തടസപ്പെടുത്തുകയാണ്.കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരവേ മടപ്പുരക്കും വടക്കേ പൊയിലൂരിനും ഇടയിൽ പള്ളിച്ചാലിൽ വെച്ച് അഞ്ച് ആർഎസ്എസ് പ്രവർത്തകരെ സിപിഎം അക്രമകാരികൾ വെട്ടി പരിക്കേൽപ്പിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം.

ആർ എസ് എസ് പ്രവർത്തകരായ കൊല്ലമ്പറ്റ ചാലു പറമ്പത്ത്  ഷൈജു (40) കൊയാളപ്പിൽ ഷിനോജ് എലാങ്കോട്, മീത്തലെ കഴിപ്പിൻ്റെ വിട കെ സജീവ്, ഈസ്റ്റ് കൂറ്റേരി , ഇരഞ്ഞി കുളങ്ങര പ്രജിൽ മേലേ പൂക്കോം, തയിരോത്ത് അനിൽകുമാർ മേനപ്രം എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടുകൂടിയാണ് ആക്രമണം നടന്നത്.

ഷൈജുവിന്റെ നില ഗുരുതരമാണ്.ഷൈജുവിനെ മഞ്ഞോടി ഇന്ദിര സഹകരണ ആശുപത്രിയിലും ഷിനോജ്, പ്രജിൽ, അനിൽകുമാർ, സജീവ് എന്നിവരെ തലശ്ശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷൈജുവിന് തലക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.ചൊക്ലി പെരിയാണ്ടി എൽ പി സ്കൂൾ അധ്യാപകൻ ആച്ചി വിജിത്ത് ലാൽ ,ടി പി സജീഷ്,എ പി പ്രഭീഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ പതിയിരുന്ന് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.രണ്ട് സ്ഥലത്തായി രണ്ട് സംഘങ്ങൾ ഇവരെ ആക്രമിക്കാൻ പതിയിരുന്നതായി പരിക്കേറ്റവർ പറഞ്ഞു.

    തിങ്കളാഴ്ച രാത്രി പൊയിലൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച്  വിജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ ആർ എസ് എസ്, ബിജെപി പ്രവർത്തകരെ ആക്രമിച്ചിരുന്നു.അതേ സംഘം തന്നെയാണ് പള്ളിച്ചാല്‍ ആക്രമണത്തിനും നേതൃത്വം നൽകിയതെന്നാണ് ആരോപണം. എന്നാൽ ആർ. എസ്. എസ് പ്രവർത്തകർ അക്രമിച്ചുവെന്ന് ആരോപിച്ചു സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റിയംഗം ബിജിത്ത് ലാൽ (34) ഡി.വൈ.എഫ്.ഐ പൊയിലൂർ മേഖല പ്രസിഡൻ്റ് ടി.പി സജീഷ് (38) ആനപ്പാറക്കൽ പ്രഭീഷ് (53)എന്നിവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുമ്പു വടിയുമായെത്തിയ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കലശം വരവിനിടെ മടപ്പുര വയലിൽ പതിയിരുന്ന സംഘം സി.പി.എം പ്രവർത്തകരെ ആക്രമിച്ചുവെന്നാണ് പരാതി. ആർ. എസ്. എസ് അക്രമത്തിൽ സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, പൊലിസ് കമ്മിഷണർ നിതിൻരാജ് ' കൂത്തുപറമ്പ് എ സി.പി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Tags