പയ്യന്നൂർ എം.എൽ.എ. പൊതുവേദികൾ അലങ്കോലമാക്കുന്ന നിലപാട് തിരുത്തണമെന്ന് സിപിഎം
പയ്യന്നൂർ: സർക്കാർ പരിപാടികൾ സങ്കുചിത രാഷ്ട്രീയ വേദിയാക്കി പൊതു പരിപാടികൾ അലങ്കോലമാക്കുന്ന പയ്യന്നൂർ എം എൽ എ വി കുഞ്ഞികൃഷ്ണൻ നിലപാട് തിരുത്തണമെന്ന് സിപിഎം പയ്യന്നൂർ എരിയാ കമ്മിറ്റി ആവശ്യപെട്ടു.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണിന്ന്. കക്ഷിരാഷ്ട്രീയ സങ്കൂചിത താൽപര്യത്തിനപ്പുറം എല്ലാ ജനങ്ങളെയും ചേർത്തുപിടിച്ചു കൊണ്ടാണ് എല്ലാ കാലത്തും ഈ മേഖല വളർന്ന് വികസിച്ചത്. സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെ ഊടും പാവും നെയ്തെടുക്കുന്നതിൽ തളിപ്പറമ്പ് താലൂക്കിലെ സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് മഹത്തരമാണ്.
സഹകാരികളെല്ലാം ഒറ്റമനസ്സോടെ ഇത്ത വണത്തെ സഹകരണ വാരാഘോഷം ആചരിക്കാൻ മുന്നോട്ടു വന്നപ്പോൾ തങ്ങളുടെ സങ്കുചിത താല്പര്യവും വെറുപ്പിന്റെ ചിന്തകളും അടിച്ചേൽപ്പിക്കാനുള്ള ഇടമായി ഈ വേദിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഇക്കൂട്ടരുടെ ഭാഗത്തുനിന്നും തുടക്കം മുതലേ ഉണ്ടായി.ഇപ്പോൾ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ ഉദ്ഘാടകനായ എം.എൽ.എ.യുടെ ഉദ്ഘാടന പ്രസംഗം സഹകാരികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിൽ അപക്വമായിരുന്നു. സഹകരണ വാരാഘോഷത്തിൻ്റെ ഉദ്ഘാടനം തന്റെ രാഷ്ട്രീയകവല പ്രസംഗത്തിന്റെ വേദിയായും രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്നതിനുള്ള ഇടമായും എംഎൽഎ മാറ്റിയിരിക്കുകയാണ്. തൻ്റെ നിരാശാബോധവും കക്ഷി രാഷ്ട്രീയ ചിന്തകളും വിയോജിപ്പിന്റെ രാഷ്ട്രീയവും അടിച്ചേൽപ്പിക്കാനുള്ളതല്ല ഇത്തരം വേദികൾ.തൻ്റെ പ്രകോപന പ്രസംഗം കൊണ്ട് പയ്യന്നൂരിലെ സഹകാരികളെയും പൊതു ജനാധിപത്യ ഇടങ്ങളെയും കൂടുതൽ കലുഷിതമാകാതിരിക്കാനുള്ള മിനിമം പക്വതയെങ്കിലും എം.എൽ.എ. കാണിക്കേണ്ട തായിരുന്നു.
സ്കൂൾ കലോത്സവമായാലും സഹകരണ വാരാഘോഷമായാലും ജനകീയ കൂട്ടായ്മയിൽ വിയോജിപ്പും വിദ്വേഷവും കുത്തിവെക്കാനുള്ള ഇത്തരം നീക്കങ്ങളിൽനിന്നും എം.എൽ.എ പിന്തിരിയണമെന്നും ഇത്തരം നീക്കങ്ങൾ ജാഗ്രതയോടെ നോക്കിക്കാണാനും തടയിടാനും പൊതു ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും സി.പി.ഐ(എം) പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
.jpg)

