'സി പി എം ശ്രമം ക്ഷേത്രങ്ങളെ തകർക്കൽ' : എൻ. ഹരിദാസ്


തലശ്ശേരി: ഹൈന്ദവ സംസ്കാരവും വിശ്വാസങ്ങളും തകർക്കാനുള്ള ബോധപൂർവമായ നീക്കമണ് സിപിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബിജെപി മുൻ കണ്ണൂർ ജില്ലാ അധ്യഷൻ എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
തലശ്ശേരി മണോളിക്കാവിൽ കഴിഞ്ഞ ദിവസം സിപിഎമ്മുകാർ നടത്തിയ അക്രമം ആസൂത്രിതമാണ്. മണോളിക്കാവിലെ ആചാരം നശിപ്പിക്കുകയാണ് സിപിഎം ലക്ഷ്യം. പുറത്ത് നിന്നുള്ള സിപിഎമ്മുകാർ മണോളിക്കാവിൽ പ്രശ്നമുണ്ടാക്കുമ്പോൾ പ്രാദേശിക സിപിഎം നേതൃത്വം അതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്. തലശ്ശേരി മാതൃകാ സ്റ്റേഷനിലെ എസ്ഐക്ക് ഉൾപ്പടെ മർദ്ദനമേറ്റിട്ടും അക്രമകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് വിമുഖത കാട്ടുകയാണ്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യുന്നില്ല. ആരുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെന്നറിയാൻ പൊതു സമൂഹത്തിന് താൽപര്യമുണ്ട്.
മണോളിക്കാവിലെ ഉത്സവ കമ്മിറ്റിയിൽ പാർട്ടി നേതാക്കളും സിപി എം കൗൺസിലറുമുണ്ട്. എന്നാൽ പുറത്ത് നിന്ന് പാർട്ടിക്കാർ കാവിലെത്തി അക്രമം നടത്തുമ്പോൾ അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പോലീസിനെ പോലും അക്രമികൾ ഭീഷണിപ്പെടുത്തുന്നു.

പോലീസിനെ അക്രമിച്ച പ്രതിയെ പിടികൂടിയപ്പോൾ സിപിഎമ്മുകാർ സംഘം ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഗേറ്റിനകത്ത് പൂട്ടിയിട്ട് പോലീസിനെ ബന്ധിയാക്കുകയായിരുന്നു. എന്തിനും ഏതിനും അഭിപ്രായം പറയുന്ന തലശ്ശേരിയിലെ എംഎൽഎ കൂടിയായ സ്പീക്കർ എ.എം. ഷംസീറിൻ്റെ മൗനം അൽഭുതപ്പെടുത്തുന്നതാണ്. സംഘർഷ സാധ്യത സംബന്ധിച്ച് പോലീസിന് കൃത്യമായ സൂചനയുണ്ടായിട്ടും ആവശ്യമായ മുൻ കരുതലെടുത്തില്ല.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല.
തെയ്യക്കോലം കെട്ടുന്നവർക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ക്ഷേത്ര വിശ്വാസം തകർക്കാനുള്ള സി പി എം നീക്കത്തെ വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ഹരിദാസ് പറഞ്ഞു