സി.പി.എം നേതാവ് സി.കെ കുഞ്ഞിരാമൻ വിട പറഞ്ഞു

CPM leader CK Kunhiraman bids farewell

വെള്ളച്ചാൽ : എടക്കാട് ഏരിയയിലെ തലമുതിർന്ന സി.പി.എം നേതാവും പെരളശേരി പഞ്ചായത്തിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വവുമായിരുന്ന സി.കെ കുഞ്ഞിരാമൻ (73) നിര്യാതനായി. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ണൂർ ചാല മിമ്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മസ്തിഷ്ക്കത്തിലെ രക്തസ്രാവം കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു എടക്കാട് ഏരിയാ സെക്രട്ടറിയുമാണ്. നേരത്തെ പെരളശേരി ഗ്രാമ പഞ്ചായത്തംഗമായിരുന്നു. പെരളശേരി പഞ്ചായത്തിലെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകരിൽ ഒരാളായിരുന്നു ജനങ്ങൾ സി.കെ യെന്ന് വിളിക്കുന്ന സി.കെ. കുഞ്ഞിരാമൻ. വെള്ളച്ചാലിൽ ബീഡി തൊഴിലാളിയായിരുന്ന ഇദ്ദേഹം പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. ഭാര്യ: കെ. ശൈലജ. മക്കൾ: കെ.ഷിജു , കെ. നിജു

ഭൗതികശരീരം ഇന്ന് വൈകുന്നേരം ആറുമണിയോടെ ബാവോട്ടെ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണി വരെ പൊതുദർശനം. 10 മുതൽ 11 മണി വരെ വെള്ളച്ചാൽ കൃഷ്ണപ്പിള്ള ക്ളബ്ബ് പ്രവർത്തിക്കുന്ന മക്രേരി ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11 മണിക്ക് ശേഷം പെരളശേരി പഞ്ചായത്ത് കുഴിക്കിലായി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

Tags