പരാജയ കാരണങ്ങൾ പരിശോധിക്കാൻ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം 20ന് ചേരും: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും
കണ്ണൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ വിലയിരുത്താൻ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഡിസംബർ 20 ന് ശനിയാഴ്ച്ചപതിനൊന്ന് മണിക്ക് ചേരും. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ. ശൈലജ,സംസ്ഥാന കമ്മിറ്റിയംഗങ്ങൾ എന്നിവരും പങ്കെടുക്കും. സംസ്ഥാനമാകെ അലയടിച്ചുയർന്ന യു ഡി. എഫ് തരംഗ സുനാമി കണ്ണൂരിൽ വമ്പൻനാശനഷ്ടമുണ്ടാക്കിയില്ലെങ്കിലും ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ.
പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറയുമ്പോഴും തളിപറമ്പ് ബ്ളോക്ക് പഞ്ചായത്ത് ഭരണവും മയ്യിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനും നഷ്ടമായ തെങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. പാർട്ടി ശക്തികേന്ദ്രത്തിലെ കാൽചുവട്ടിലെ മണ്ണാണ് ഒലിച്ചു പോയത്. കഴിഞ്ഞ തവണ യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത മലയോര മേഖലയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളും എൽ.ഡി.എഫിന് നഷ്ടമായി. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ പിൻതുണയോടെ മുന്നണി സമവാക്യങ്ങളിൽ വന്ന മാറ്റത്തെ തുടർന്നാണ് യു.ഡി.എഫ് ഭരിച്ചിരുന്ന ഗ്രാമ പഞ്ചായത്തുകൾ പിടിച്ചെടുത്തത്. ഏറെ പ്രതീക്ഷകളോടെ മത്സരിച്ച കണ്ണൂർ കോർപറേഷനിലും പച്ച തൊടാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല . കോർപറേഷനിൽ രണ്ട് ഡിവിഷനുകൾ ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് നിലനിൽക്കുന്ന തളാപ്പ് ടെംപിൾ ഡിവിഷനിൽ ബി.ജെ.പി വിജയിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 86 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തായി.
കണ്ണൂരിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് ലീഡുയർത്തിയതും വെല്ലുവിളിയാണ്. എൽഡിഎഫ് സിറ്റിങ് സീറ്റായ അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ യു.ഡി എഫ് ലീഡുനേടുകയും യുഡിഎഫ് സിറ്റിങ് സീറ്റുകളായ പേരാവൂർ ഇരിക്കൂർ എന്നിവടങ്ങളിൽ വോട്ട് ഷെയർ വർദ്ധിപ്പിക്കുകയും ചെയ്തു. പാർട്ടി ഗ്രാമമായ മുണ്ടേരിയിൽ പതിനൊന്ന് സീറ്റുകൾ നേടിയു ഡി എഫിനൊപ്പം തുല്യനിലയിൽ നിൽക്കുകയാണ്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ വാർഡിൽ അദ്ദേഹത്തിൻ്റെ സഹോദര ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. അനിഷ നൂറിലേറെ വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫി നോട് തോൽക്കുകയും ചെയ്തു. പയ്യന്നൂർ കാര ഡിവിഷനിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി വൈശാഖ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചതും സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
.jpg)


