കണ്ണൂർ പാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ

CPM branch committee office set on fire in Panur, Kannur
CPM branch committee office set on fire in Panur, Kannur

കണ്ണൂർ : പാനൂർ പാറാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ. പൂട്ടിയിട്ട ഓഫീസ് വൈകീട്ട് തുറന്നപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച വസ്തുക്കൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീസിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥയുണ്ട്. ഇന്നലെ വൈകീട്ട് പ്രദേശത്ത് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിലേക്കാണ് കൊടി എടുക്കാൻ എത്തിയപ്പോഴാണ് കത്തി നശിച്ചത് അറിയുന്നത്.

tRootC1469263">

ഓഫീസിൽ ഉണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചിട്ടുണ്ട്. വിശദീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പടെയുള്ളവർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

യു.ഡി.എഫ് കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം പിടിച്ചതോടെ പാനൂർ, പാറാട് മേഖലകളിൽ സംഘർഷം അരങ്ങേറിയിരുന്നു. യു.ഡി.എഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായെത്തി സി.പി.എം പ്രവർത്തകർ കാറും ബൈക്കും വെട്ടിപ്പൊളിച്ചിരുന്നു. പാറാട്ടെ ലീഗ് അനുഭാവി ആച്ചാൻറവിട അഷ്റഫിന്റെ വീടിനുനേരെ ബോംബെറിഞ്ഞായിരുന്നു വീട്ടിലേക്ക് പാഞ്ഞെത്തിയത്. സ്ത്രീകളടക്കമുള്ളവരെ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. 

വിജയാഹ്ലാദത്തിനിടെ പാറാടും പാലക്കൂലിലും യു.ഡി.എഫ് പ്രവർത്തകരും സി.പി.എമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുമുണ്ടായി. പാനൂർ നഗരസഭ അഞ്ചാം വാർഡിൽനിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ശൈലജ മടപ്പുരയെ ആഹ്ലാദ പ്രകടനത്തിടെ വാഹനത്തിൽ കയറി കൈയേറ്റം ചെയ്തു. പാലക്കൂലിൽ യു.ഡി.എഫ് പ്രവർത്തകർ വീട്ടിൽ കയറി സി.പി.എം പ്രവർത്തകയായ വിട്ടമ്മ കുഞ്ഞിപ്പറമ്പത്ത് ശാന്തയെ ആക്രമിച്ചതായി സി.പി.എം ആരോപിച്ചിരുന്നു.

Tags