ആർ.എസ്.എസ് പ്രവർത്തകരുടെ വധശ്രമത്തിന് ഇരയായ സി.പി.എം പ്രവർത്തകൻ കണ്ടോത്ത് സുരേശൻ നിര്യാതനായി


തലശേരി : തലശേരി താലൂക്കിലുണ്ടായ രാഷ്ട്രീയ അക്രമ പരമ്പരകളുടെ ഭാഗമായി മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് സമീപം ആർ.എസ്.എസ് പ്രവർത്തകരുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും സാധാരണ ജീവിതത്തിലേക്ക് അത് ഭുതകരമായി തിരിച്ചു വരികയും ചെയ്ത മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശൻ (66) നിര്യാതനായി. തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ എട്ടുമണി മുതൽ ഒൻപതു വരെ കൂടക്കടവ് കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിലും ഒൻപതു മുതൽ പതിനൊന്നു മണി വരെ എളവനയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചു.
തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. മുഴപ്പിലങ്ങാട് മുൻ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു,കൂടക്കടവ് എ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2004 ഒക്ടോബർ 31നാണ് സുരേശനെതിരെ ആർ.എസ്.എസ് പ്രവർത്തകർ വധശ്രമം നടത്തിയത്. വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ സുരേശൻ താണ ധനലക്ഷ്മി, കോഴിക്കോട് മെഡിക്കൽ കോളേജ്, മംഗ്ളൂര് സ്വകാര്യ ആശുപത്രി എന്നിവടങ്ങളിൽ ദീർഘകാലം ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതിയിൽ ഭേദമായതിനെ തുടർന്ന് പാർട്ടി പ്രവർത്തനത്തിൽ സജീവമായി. നിലവിൽ കൂട ക്കടവ് എബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.തലശേരി പച്ചക്കറി മാർക്കറ്റിൽ തന്റെ ഗുഡ്സ് ഓട്ടോറിക്ഷയിലെത്തി ജോലി നിർവഹിച്ച് വരികെയാണ് സുരേശൻ ആക്രമണത്തിനിരയായത്. ദീർഘ കാലത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കെയാണ് അന്ത്യം.

പരേതരായ ഗോവിന്ദൻ - കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ജിഷ്ണ (മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ) ജിതേഷ് (ഗൾഫ്) സഹോദരങ്ങൾ: സുജാത, സുഭാഷിണി, സുലോചന, സുനിൽകുമാർ, സുശീൽ കുമാർ, പരേതനായ സുഭാഷ്.