തളിപ്പറമ്പ് നഗരസഭാ ഭരണസമിതിക്കെതിരെ സി.പി.ഐ മാർച്ച്; ലക്ഷ്യം സി.പി.എമ്മോ..?
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെത്തുടർന്ന് ഇരു പാർട്ടികളും തമ്മിൽ വലിയ വാക്പോര് നടന്നിരുന്നു.
തളിപ്പറമ്പ്: യു.ഡി.എഫ് ഭരണത്തിന് കീഴിലുള്ള തളിപ്പറമ്പ് നഗരസഭയുടെ അവഗണനയ്‌ക്കെതിരെ സി.പി.ഐ പരസ്യമായ പ്രതിഷേധത്തിലേക്ക്. പാളയാട്, മാന്ധംകുണ്ട് പ്രദേശങ്ങളോടുള്ള നഗരസഭയുടെ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 4-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് സി.പി.ഐ മുൻസിപ്പൽ ഓഫീസ് മാർച്ച് സംഘടിപ്പിക്കും. തോക്കിലങ്ങാടി-പാളയാട്-മാന്ധംകുണ്ട്-പുളിമ്പറമ്പ് റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കുക, മാന്ധംകുണ്ട് ജങ്ഷൻ-കീഴാറ്റൂർ ജി.എൽ.പി സ്കൂൾ റോഡ് റീ-താർ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
tRootC1469263">എന്നാൽ ഈ സമരം കേവലം യു.ഡി.എഫ് ഭരണസമിതിക്ക് എതിരെ മാത്രമല്ല, മറിച്ച് എൽ.ഡി.എഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ കൂടി പ്രതിഫലനമാണെന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്നത്. നഗരസഭ ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കിലും, പ്രധാനപ്പെട്ട ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫ് (സി.പി.ഐ.എം) കൗൺസിലറാണ് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സി.പി.ഐ നടത്തുന്ന സമരം എൽ.ഡി.എഫ് നേതൃത്വത്തെയും പ്രത്യേകിച്ച് സി.പി.ഐ.എമ്മിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ്.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെത്തുടർന്ന് ഇരു പാർട്ടികളും തമ്മിൽ വലിയ വാക്പോര് നടന്നിരുന്നു. സി.പി.ഐ.എം വോട്ടുകൾ ചോർന്നതാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ച് സി.പി.ഐ നേതൃത്വം അന്ന് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം വിട്ട് സി.പി.ഐയിൽ എത്തിയവരാണ് മാന്ധംകുണ്ട് മേഖലയിൽ പാർട്ടിയെ നയിക്കുന്നത് എന്നതും ഇരു പാർട്ടികളും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നു. വികസന കാര്യങ്ങളിൽ തങ്ങളുടെ വാർഡുകളെ തഴയുന്ന ഭരണസമിതിക്കൊപ്പം തന്നെ, മുന്നണി ബന്ധത്തിലെ വിള്ളലുകളും സി.പി.ഐയുടെ ഈ പ്രതിഷേധത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
.jpg)


