സി.പി ദാമോദരൻ സ്മാരക പുരസ്കാരം നോവലിസ്റ്റ് സി.വി ബാലകൃഷ്ണന് സമ്മാനിക്കും

google news
dg

കണ്ണൂർ : കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ ഏർപ്പെടുത്തിയ ഈ വർഷത്തെ സി പി ദാമോദരൻ സ്മാരക പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണന് സമ്മാനിക്കും. 25000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സി പി ദാമോദരന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ 30ന് നാലുമണിക്ക് കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്കാരം നൽകും

 കഥയും നോവലും റേഡിയോ നാടകവും സിനിമയും യാത്രാവിവരണവും ദേശ വിവരണവും അനുഭവം പറച്ചിലും എല്ലാം ഉൾച്ചേർന്ന വിശാലമായ ക്യാൻവാസ് ആണ് സി.വി.യുടെ എഴുത്തിന്റെ ലോകം. അമ്പതിലേറെ കൃതികൾ . ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും സിനിമയുടെ ഇടങ്ങൾ മികച്ച സിനിമ ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടി. സമഗ്രസംഭാവനക്കുള്ള മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം, ബഷീർ പുരസ്കാരം, ചന്തുമേനോൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. വിനോയ് തോമസ്, ബാലകൃഷ്ണൻ കൊയ്യാൽ, ദിനകരൻ കൊമ്പിലാത്ത്  അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ടി പത്മനാഭൻ എം മുകുന്ദൻ എന്നിവർക്കാണ് ഇതിനു മുമ്പ് സി പി ദാമോദരൻ സ്മാരക പുരസ്കാരം ലഭിച്ചത്.  

ജവഹർ ലൈബ്രറിയുമായി സഹകരിച്ച് സി പി ദാമോദരന്റെ കുടുംബം ഏർപ്പെടുത്തിയതാണ് പുരസ്കാരം.  വാർത്താസമ്മേളനത്തിൽ ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ മേയർ അഡ്വ: ടി.ഒ മോഹനൻ , സെക്രട്ടറി എം രത്നകുമാർ , ട്രഷറർ വി.പി. കിഷോർ എന്നിവർ പങ്കെടുത്തു

Tags