പി.പി. ദിവ്യയ്‌ക്കെതിരായ അഴിമതി ആരോപണം: അഴീക്കൽ 'സിൽക്കി'ൽ വിജിലൻസ് മിന്നൽ പരിശോധന; ഫയലുകൾ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. 'കാർട്ടൺ അലയൻസ് ഇന്ത്യ' എന്ന കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാ സ്ഥാപനമായ 'സിൽക്കി'ൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കരാറുകളുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു.
നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയ വിജിലൻസ്, 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിൽക്കിലും പരിശോധന നടത്തിയത്. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിന്റെ പൂർണ ചുമതല.
പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിൽ വൻ ക്രമക്കേട് നടന്നെന്നാണ് കേസ്. 'കാർട്ടൺ ഇന്ത്യ' എന്നത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും വഴിവിട്ട രീതിയിലാണ് കരാറുകൾ നൽകിയതെന്നും ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി
.jpg)

