കണ്ണൂരിൽ സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ
ചക്കരക്കൽ: വ്യാജ സ്വർണം പണയം വെച്ച് സഹകരണബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേരെ ചക്കരക്കൽ പൊലിസ് അറസ്റ്റുചെയ്തു. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), മുനീർ ചന്ദ്രോത്ത് (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പെരളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിലാണ് പ്രതികൾ സംഘടിതമായി തട്ടിപ്പ് നടത്തിയത്.
പ്രതികളായ ധനേഷും മുനീറും ചേർന്നാണ് വ്യാജ സ്വർണാഭരണങ്ങൾ പലതവണയായി ഈ ബാങ്ക് ശാഖയിൽ പണയം വെച്ചത്. മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കം വരുന്ന വ്യാജ ആഭരണങ്ങൾ പണയം വെച്ച് 17 ലക്ഷത്തി ഇരുപതിനായിരം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. സഹകരണബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളിൽ '916 BIS' എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളിൽ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങൾ ധനേഷിനും മുനീറിനും എത്തിച്ചു നൽകിയത് കൂടാളി സ്വദേശിയായ ഹഫ്നാ സാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.സ്ഥാപനത്തിലെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. ഇവർക്കു പിന്നിൽ വൻ റാക്കറ്റു തന്നെ പ്രവർത്തിക്കുന്നതായി സംശയമുണ്ട്.എസ്.ഐ.മാരായ ഇ.വി വിനീത്, മഹേഷ്, എ.എസ്.ഐ ഷിജിത്ത് കുമാർ, സീനിയർ സി.പി.ഒ.മാരായ എൻ. വി ഷിജു, സനൂപ്, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
.jpg)

