ക്വാറി, ക്രഷർ ഉൽപന്ന വില വർദ്ധനവിനെതിരെ കരാറുകാർ കണ്ണൂർ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ ധർണയും നടത്തും


കണ്ണൂർ ൽ കണ്ണൂർ ജില്ലയിലെ ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് നിരന്തരമായി വില വർദ്ധിപ്പിക്കുന്നതിനെതിരെ കോൺട്രാക്ടേഴ്സ് ആൻഡ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13 ന് കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30 ന് മുൻ മന്ത്രി ഇ.പി ജയരാജൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നുമാണ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുക സമരം നാല് മണിക്ക് അവസാനിക്കും. കണ്ണൂർ ജില്ലയിൽ ക്വാറി ക്രഷർ ഉൽപന്നങ്ങൾക്ക് നിരന്തരമായി വില വർദ്ധിപ്പിക്കുന്നത് നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. 2023-ൽ വില വർദ്ധന ഉണ്ടായപ്പോൾ കണ്ണൂർ ജില്ലയിൽ സമരം നടത്തിയിരുന്നു.

അന്ന് ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ ചർച്ച ചെയ്തെടുത്ത തീരുമാനം ഭാവിയിൽ വില വർദ്ധിപ്പിക്കുമ്പോൾ സമരത്തിന് നേതൃത്വം നൽകിയ സംഘടനകളെ ഉൾപ്പെടുത്തി കലക്ടറുടെ മുൻപിൽ വിവിധ സംഘടനാ പ്രതിനിധികളെ വിളിച്ചു ചേർത്ത് ചർച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ചുകൊണ്ടാണ് ഈ വർഷവും അടിക്കടി ഏകപക്ഷീയമായി വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് മലബാറിലെ മറ്റു ജില്ലകളിൽ പഴയ വിലയ്ക്കു തന്നെ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്നും കണ്ണൂരിൽ മാത്രം വില വർധിപ്പിക്കുന്നതിന് മറ്റു ന്യായീകരണങ്ങളൊന്നുമില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ.വിജയൻ, ടി. മനോഹരൻ, പി. മോഹനൻ, കെ.രത്നാകരൻ, കെ.സി മനീഷ് എന്നിവർ പങ്കെടുത്തു.